വാഷിങ്ടൺ: ഗ്രീൻലാൻഡിനെ ഏറ്റെടുക്കുമെന്ന ഭീഷണി ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളല്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞു.
ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലാൻഡ് തങ്ങൾ സ്വന്തമാക്കുമെന്നും റഷ്യയോ ചൈനയോ ഗ്രീൻലാൻഡിന് മേൽ സ്വാധീനം ചെലുത്തുന്നത് തടയാനാണ് യു.എസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയെയും ചൈനയെയും അകറ്റി നിർത്തുന്നതാണ് ഈ വിഷയത്തിൽ നല്ലതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഗ്രീൻലാൻഡും ഡെൻമാർക്കും യു.എസ് ഉടമസ്ഥാവകാശം നിരസിച്ചിട്ടും,
ഗ്രീൻലാൻഡ് സ്വന്തമാക്കുന്നത് അത്യാവശ്യമാണെന്നും ട്രംപ് വൈറ്റ് ഹൗസ് യോഗത്തിൽ ആവർത്തിച്ചു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ ഗ്രീൻലാൻഡ് സ്വന്തമാക്കുമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. എന്നാൽ ട്രംപിന്റെ വാദത്തെ ഗ്രീൻലാൻഡും ഡെന്മാർക്കും തള്ളുകയാണ് ഉണ്ടായത്.
ഡെൻമാർക്കിനെതിരെ അധിനിവേശത്തിനൊരുങ്ങിയാൽ കർശനമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ഡെൻമാർക്ക് വിദേശകാര്യ മന്ത്രാലയം ട്രംപിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
‘ആദ്യം വെടിവെക്കുക, പിന്നീട് ചോദ്യങ്ങൾ ചോദിക്കുക എന്ന ഉത്തരവ് തങ്ങളുടെ സൈനികർക്ക് നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1952ലെ നിയമമനുസരിച്ച് വിദേശ ആക്രമണങ്ങൾ ഉണ്ടായാൽ രാഷ്ട്രീയ അനുമതിക്കോ ഔപചാരിക ഉത്തരവുകൾക്കോ കാത്തുനിൽക്കാതെ ഉടനടി പ്രതികരിക്കാൻ സൈനികർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
തങ്ങളുടെ രാജ്യം വിൽപ്പനയ്ക്കുള്ളതല്ലെന്ന് ട്രംപിന് മറുപടിയായി ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ പറഞ്ഞിരുന്നു.