വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മുകളിലൂടെ പറക്കുന്ന യു.എസ് വിമാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു.എസ്.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍.
വെനസ്വേലയുടെ വ്യോമാതിര്‍ത്തിയിലും സമീപത്തും പറക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് എഫ്.എ.എ പ്രധാനപ്പെട്ട വിമാനക്കമ്പനികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി.
വെനസ്വേലയ്‌ക്കെതിരായ സൈനിക നടപടികള്‍ അമേരിക്ക വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച പുറപ്പെടുവിച്ച NOTAM (വൈമാനികര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്) മുന്നറിയിപ്പില്‍ സുരക്ഷാ സാഹചര്യം നിലവില്‍ മോശമാണെന്നും വെനസ്വേലയുടെ പരിസരത്ത് സൈനിക പ്രവര്‍ത്തനം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും പറയുന്നു.
വെനസ്വേലന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്നതിന് മുമ്പ് യു.എസ് ഫ്‌ളൈറ്റ് ഓപ്പറേറ്റര്‍മാര്‍ എഫ്.എ.എയ്ക്ക് 72 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കണമെന്ന് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്‌ളൈറ്റ് റഡാര്‍24 അറിയിച്ചു.
യു.എസ്, ലാറ്റിനമേരിക്കന്‍ മയക്കുമരുന്നുകടത്തുകാര്‍ക്കെതിരായ സൈനിക നടപടിയെന്ന പേരില്‍ മേഖലയില്‍ വിമാനവാഹിനി കപ്പലും ആയിരക്കണക്കിന് സൈനികരെ വഹിക്കുന്ന യുദ്ധക്കപ്പലുകളും എഫ്-35 സ്റ്റെല്‍ത്ത് വിമാനങ്ങളും വിന്യസിച്ച സാഹചര്യത്തിലാണ് എഫ്.എ.എയുടെ മുന്നറിയിപ്പ്.
അതേസമയം, വെനസ്വേലയുടെ മുകളിലൂടെ പറക്കുന്നതിന് വിമാനങ്ങള്‍ക്ക് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും വിമാനങ്ങള്‍ക്ക് മുന്നില്‍ അപകട സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് എഫ്.എ.എ പറഞ്ഞു.
സെപ്റ്റംബര്‍ മുതല്‍ വെനസ്വേല നിരവധി തവണ സൈനിക അഭ്യാസങ്ങള്‍ നടത്തുന്നുണ്ട്. ആയിരക്കണക്കിന് സൈനിക, റിസര്‍വ് സേനകളെ അണി നിരത്തുന്നുമുണ്ട്.
എന്നാല്‍ യു.എസിന്റെ വിമാനങ്ങളെ ലക്ഷ്യമിടാന്‍ വെനസ്വേല ശ്രമിക്കുന്നില്ലെന്നും അത്തരത്തിലുള്ള ആശങ്കകള്‍ വേണ്ടെന്നും എഫ്.എ.എ വിശദീകരിച്ചു.
2019 മുതല്‍ യു.എസ് വിമാനങ്ങള്‍ വെനസ്വേലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. എങ്കിലും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കായി യു.എസ് വിമാനക്കമ്പനികള്‍ വെനസ്വേലയുടെ വ്യോമാതിര്‍ത്തി ഉപയോഗപ്പെടുത്തുന്നുണ്ട്.
എഫ്.എ.എയുടെ മുന്നറിയിപ്പിനോട് ഡെല്‍റ്റ എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഒക്ടോബര്‍ മുതല്‍ തന്നെ വെനസ്വേലയ്ക്ക് മുകളിലൂടെ പറക്കാറില്ലെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രതികരിച്ചു.
അതേസമയം, തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ യു.എസ് സൈനികമായി ശ്രമങ്ങള്‍ നടത്തിയേക്കാമെന്ന മുന്നറിയിപ്പുമായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും രംഗത്തെത്തി.
Content Highlight: Military action is increasing; US planes flying over Venezuela are warned