47 വര്‍ഷത്തെ വിലക്ക് നീക്കി അമേരിക്ക; സിറിയ തീവ്രവാദ പിന്തുണ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത്
World
47 വര്‍ഷത്തെ വിലക്ക് നീക്കി അമേരിക്ക; സിറിയ തീവ്രവാദ പിന്തുണ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത്
അഞ്ജു ചന്ദ്രന്‍
Tuesday, 25th August 2026, 9:08 am

വാഷിങ്ടണ്‍: സിറിയയെ ‘തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ’ പട്ടികയില്‍ നിന്ന് ഔദ്യോഗികമായി ഒഴിവാക്കി അമേരിക്ക. 1979 മുതല്‍ 47 വര്‍ഷത്തോളം പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സിറിയയെ ഒഴിവാക്കിയത് അമേരിക്ക-സിറിയ ബന്ധത്തില്‍ നിര്‍ണായക മാറ്റമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയയിലെ പുതിയ ഭരണകൂടം അന്താരാഷ്ട്ര  തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനുള്ള നടപടികളും കൂടുതല്‍ ഉറപ്പുകളും നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞതായി റിപ്പോര്‍ട്ട്. സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍-ഷറായുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടത്തിന്റെ നടപടികള്‍ പരിഗണിച്ചാണ് പട്ടികയില്‍ നിന്നുള്ള നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘അന്താരാഷ്ട്ര ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിറിയയെ പൂര്‍ണമായും അകറ്റി നിര്‍ത്തുന്നതിനായി പ്രസിഡന്റ് അഹമ്മദ് അല്‍ഷറയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ സ്വീകരിച്ച നല്ല നടപടികളെ അംഗീകരിച്ചാണ് അമേരിക്ക ഈ വിലക്ക് നീക്കിയത്,’ യു.എസ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ സിറിയയിലേക്കുള്ള വിദേശ നിക്ഷേപത്തിനും അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകള്‍ക്കും ഉണ്ടായിരുന്ന പ്രധാന തടസങ്ങള്‍ നീങ്ങും. രാജ്യത്തിന്റെ സാമ്പത്തിക പുനര്‍നിര്‍മാണത്തിനും സ്വകാര്യ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഈ നടപടി സഹായിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടുണ്ട്.

‘ഇന്നത്തെ നടപടി സിറിയയില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരത വളര്‍ത്താന്‍ സഹായിക്കും,’ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

സിറിയയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനൊപ്പം അല്‍-നുസ്‌റ ഫ്രണ്ട് എന്നറിയപ്പെട്ടിരുന്ന ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ ഭീകരസംഘടനാ പദവിയും അമേരിക്ക പിന്‍വലിച്ചു.

സിറിയയെ ആഗോള സാമ്പത്തിക സംവിധാനത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനും രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം നല്‍കുന്നതിനുമുള്ള അമേരിക്കന്‍ നയത്തിലെ പ്രധാന ചുവടുവയ്പ്പായാണ് പുതിയ തീരുമാനമെന്ന് അമേരിക്കയിലെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദത്തെ പിന്തുണയക്കുന്ന പട്ടികയില്‍ നിന്ന് യു.എസ് സിറിയുടെ വിലക്ക് നീക്കം ചെയ്തതോടെ ക്യൂബ, ഉത്തരകൊറിയ, ഇറാന്‍ എന്നീ മൂന്ന് രാജ്യങ്ങളാണ് നിലവിലെ പട്ടികയിലുള്ളത്.

Content Highlights: US lifts 47-year ban; Syria removed from list of state sponsors of terrorism.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.