| Saturday, 7th February 2026, 7:09 am

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25% അധിക തീരുവ ഒഴിവാക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു

രാഗേന്ദു. പി.ആര്‍

വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ ഒഴിവാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ നടപടി. 2025 ഓഗസ്റ്റില്‍ ഏര്‍പ്പെടുത്തിയ തീരുവയാണ് യു.എസ് പിന്‍വലിച്ചിരിക്കുന്നത്.

ഈ ഘട്ടത്തില്‍ താരിഫ് പരിഷ്‌കരണം അനിവാര്യമാണെന്ന് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു.

ഇതോടെ യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 18 ശതമാനമായി കുറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, തുകല്‍, രാസവസ്തുക്കള്‍, ഏതാനും യന്ത്ര സാമഗ്രികള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കായിരിക്കും 18 ശതമാനം തീരുവ ബാധകമാകുക.

ഇടക്കാല കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച്, അമേരിക്കന്‍ വ്യാവസായിക ഉത്പന്നങ്ങള്‍ക്കും വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. യു.എസില്‍ നിന്നുള്ള പഴങ്ങള്‍, മദ്യം, വൈന്‍, സോയാബീന്‍ എന്നീ ഉത്പന്നങ്ങളുടെ തീരുവ കുറയും.

മാത്രമല്ല, അഞ്ച് വര്‍ഷത്തിനിടെ 50,000 കോടി ഡോളറിന്റെ യു.എസ് ഉത്പന്നങ്ങള്‍ ഇന്ത്യ വാങ്ങുകയും ചെയ്യും.

അതേസമയം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ പൂര്‍ണമായും നിര്‍ത്തുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ വിദേശകാര്യ മന്ത്രാലയമോ വ്യക്തത നല്‍കിയിട്ടില്ല.

റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നേരിട്ടോ അല്ലാതെയോ നിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്നാണ് ട്രംപ് സര്‍ക്കാരിന്റെ വാദം. ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസും അറിയിച്ചു.

ഇന്ത്യ വീണ്ടും റഷ്യയെ ആശ്രയിക്കുകയാണെങ്കില്‍ അധിക തീരുവ ചുമത്തുന്നത് യു.എസിന്റെ പരിഗണനയില്‍ ഉണ്ടെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ ദൗര്‍ഭാഗ്യകരമെന്നും മന്ത്രാലയം വിമര്‍ശിച്ചിരുന്നു.

Content Highlight: US lifts 25% penalty tariff on India over Russian oil imports

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more