ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഒരു ദശലക്ഷത്തിലധികം രേഖകൾ കൂടി കണ്ടെത്തി: യു.എസ് നീതിന്യായ വകുപ്പ്
World
ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഒരു ദശലക്ഷത്തിലധികം രേഖകൾ കൂടി കണ്ടെത്തി: യു.എസ് നീതിന്യായ വകുപ്പ്
ശ്രീലക്ഷ്മി എ.വി.
Thursday, 25th December 2025, 10:42 pm

വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഒരു ദശലക്ഷത്തിലധികം രേഖകൾ കൂടി കണ്ടെത്തിയതായി യു.എസ് നീതിന്യായ വകുപ്പ്. വരും ദിവസങ്ങളിൽ ഈ രേഖകൾ പുറത്തുവിടുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ചു.

പൊതുജനങ്ങളിൽ നിന്നും രേഖകൾ മറച്ചുവെച്ചുകൊണ്ട് ഭരണകൂടം നിയമം ലഘിച്ചുവെന്ന നിയമനിർമാതാക്കളുടെയും അതിജീവിതകളുടെയും വിമർശനം വർധിക്കുന്ന സാഹചര്യത്തിലാണ് യു.എസ്‌ കോടതി കൂടുതൽ രേഖകൾ കണ്ടെത്തുന്നത്.

വൻതോതിലുള്ള രേഖകൾ തടഞ്ഞുവച്ചുകൊണ്ടും അതിജീവിതകളുടെ ഐഡന്റിറ്റി മറയ്ക്കാതെയുമാണ് യു.എസ്‌ കോടതി രേഖകൾ പുറത്തുവിട്ടതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

എപ്സ്റ്റീൻ ഫയലിലെ രേഖകളുടെ എണ്ണം വർധിക്കുന്നതിനാൽ രേഖകൾ പുറത്തുവിടാൻ സമയമെടുക്കുമെന്ന് യു.എസ്‌ കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

‘രേഖകളുടെ വർധനവ് കാരണം, അവ പുറത്തുവിടുന്നതിന് കുറച്ച് ആഴ്ചകൾ കൂടി എടുത്തേക്കും. ഫെഡറൽ നിയമവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധപ്പെടുന്ന ഫയലുകളും പുറത്തുവിടാനുള്ള നിർദേശവും നീതിന്യായ വകുപ്പ് പൂർണമായും പാലിക്കും,’ യു.എസ്‌ കോടതി പറഞ്ഞു.

ഫയലുകൾ പുറത്തുവിടാൻ യു.എസ് കോൺഗ്രസ് കഴിഞ്ഞ വെള്ളിയാഴ്ച വരെ നീതിന്യായ വകുപ്പിന് സമയം നൽകിയിരുന്നു ഏകദേശം 100,000 പേജുകളുടെ ഒരു ബാച്ച് ആ ദിവസം പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന രേഖകൾ സൽപ്പേര് നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ യു.എസ് നീതിന്യായ കോടതി പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം.

അന്വേഷണ ഫയലുകൾ പുറത്തുവിടുന്നത് ജെഫ്രി എപ്‌സ്റ്റീനുമായി യാദൃശ്ചികമായി മാത്രം സമ്പർക്കം പുലർത്തിയിരുന്ന ആളുകളുടെ പ്രശസ്തി തകർക്കുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കൻ സ്വദേശിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീൻ ലൈംഗീക കുറ്റകൃത്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയ കേസിൽ ജയിലിൽ കഴിയവേ 2019 ലാണ് തൂങ്ങി മരിച്ചത്.

എപ്‌സ്റ്റീനിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ഒരു വിഭാഗം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ലയന്റുകളിൽ ട്രംപും എലോൺ മസ്കുമുൾപ്പടെയുള്ള പ്രമുഖർ ഉൾപ്പെട്ടിരുന്നെന്ന് നേരത്തെയും ആരോപണങ്ങൾ ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

Content Highlight: US Justice Department finds over a million more documents related to Jeffrey Epstein

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.