| Wednesday, 28th January 2026, 7:05 am

കുടിയേറ്റ നിയന്ത്രണം; കുട്ടികൾക്കുള്ള നിയമ സഹായം വെട്ടികുറക്കാനുള്ള അമേരിക്കയുടെ നീക്കത്തെ അപലപിച്ച് യു.എൻ

ശ്രീലക്ഷ്മി എ.വി.

ന്യൂയോർക്ക്: അമേരിക്കൻ കുടിയേറ്റ നടപടികളിൽ കുട്ടികൾക്കുള്ള നിയമസഹായം വെട്ടികുറക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾ വ്യക്തിഗത അവകാശങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ അപലപനം.

നിയമപരമായ പ്രാതിനിധ്യത്തിനുള്ള കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും നിയമോപദേശമില്ലാതെ കുടിയേറ്റ നടപടിക്രമങ്ങൾ നടത്താനായി അവരെ നിർബന്ധിക്കുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിലിലെ വിദഗ്ധർ പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷൻ ഉൾപ്പെടെ ഒന്നിലധികം നിയമപരമായ അന്താരാഷ്ട്ര നയങ്ങളെ ഈ നീക്കം ലംഘിക്കുന്നുവെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

എക്സിക്യൂട്ടീവ് ഓർഡർ 14789 പ്രകാരം യു.എസ് അവതരിപ്പിച്ച നയമാണ് ‘ഇമിഗ്രേഷൻ അഡ്ജുഡിക്കേഷൻ സ്ട്രീംലൈനിങ് ആൻഡ് ഫിസ്കൽ റീലോക്കേഷൻ’. ഈ നയം കുടിയേറ്റക്കാരുടെ കുട്ടികൾക്ക് നിയമപരമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ഫെഡറൽ ഫണ്ടുകൾ ഉപയോഗിക്കുന്നത് നിഷേധിക്കുന്നു.

എന്നാൽ ഈ നിയമം അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും നേരെയുള്ള അപമാനമാണെന്നും യു.എൻ വിദഗ്ധർ വ്യക്തമാക്കി.

മാതാപിതാക്കളില്ലാതെ യു.എസിൽ പ്രവേശിച്ച ലക്ഷകണക്കിന് കുട്ടികളെ നാടുകടത്താനുള്ള ശ്രമമുൾപ്പടെയുള്ള കുടിയേറ്റ നിയന്ത്രണത്തിനിടയിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.

നാടുകടത്തൽ നിയമവിരുദ്ധമാണെന്നും കുട്ടികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ മനുഷ്യക്കടത്ത് നടത്തുന്നതിനെതിരെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം യു.എസ് ലംഘിച്ചുവെന്നും യു.എൻ വിദഗ്ധർ പറഞ്ഞു.

അമേരിക്കയിൽ നിന്നും കുട്ടികൾ സ്വമേധയാ പോകുന്നതിനായി ട്രംപ് ഭരണകൂടം 2500 ഡോളർ വാഗ്ദാനം ചെയ്തതിനെയും യു.എൻ വിമർശിച്ചു.

Content Highlight: US immigration control; UN condemns move to cut legal aid for children

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more