ബൈബിൾ വചനങ്ങൾക്ക് പകരം പ്രാർത്ഥനാ യോഗത്തിൽ ഉപയോഗിച്ചത് സിനിമ ഡയലോഗുകൾ; യു.എസ് പ്രതിരോധ സെക്രട്ടറി വിവാദത്തിൽ
World
ബൈബിൾ വചനങ്ങൾക്ക് പകരം പ്രാർത്ഥനാ യോഗത്തിൽ ഉപയോഗിച്ചത് സിനിമ ഡയലോഗുകൾ; യു.എസ് പ്രതിരോധ സെക്രട്ടറി വിവാദത്തിൽ
മുഹമ്മദ് നബീല്‍
Friday, 17th April 2026, 10:03 am

വാഷിങ്ടൺ: പ്രാർത്ഥനാ യോഗത്തിൽ ബൈബിൾ വചനങ്ങൾക്ക് പകരം സിനിമ ഡയലോഗുകൾ ഉദ്ധരിച്ച യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിവാദത്തിൽ.

ഇറാനെതിരായുള്ള യുദ്ധത്തിന് സൈന്യത്തെ സജ്ജമാകുന്നതിനു വേണ്ടി സംഘടപ്പിച്ച പ്രാർത്ഥനാ യോഗത്തിലാണ് പീറ്റ് ഹെഗ്സെത്തിന് അമളിപറ്റിയത്.

സംഭവം വിവാദമായതോടെ പൾപ്പ് ഫിക്ഷൻ എന്ന ഹോളിവുഡ് സിനിമയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ പ്രാർത്ഥനാ യോഗത്തിൽ വചനങ്ങൾ പറഞ്ഞതെന്ന് പീറ്റ് ഹെഗ്സെത്ത് കുറ്റസമ്മതം നടത്തി.

തകർന്നുവീണ വിമാനങ്ങളിലെ പൈലറ്റുമാർക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്ന നിലയിലാണ് പീറ്റ് ഹെഗ്സെത്ത് സിനിമ ഡയലോഗുകൾ ഉദ്ധരിച്ചത്.

‘അവരോടു ഞാൻ ക്രോധത്തോടെയുള്ള ശാസനകളാൽ വലിയ പ്രതികാരം ചെയ്യും, അവരുടെമേൽ പ്രതികാരം നടത്തുമ്പോൾ ഞാൻ കർത്താവാണെന്ന് അവർ അറിയും’ എന്ന ബൈബിൾ വചനത്തിന് പകരമാണ് യു.എസ് പ്രതിരോധ സെക്രട്ടറി പൾപ്പ് ഫിക്ഷനിലെ സംഭാഷണങ്ങൾ ഉരുവിട്ടത്.

‘നീതിമാന്റെ പാത സ്വാർത്ഥതയുടെയും ദുഷ്ടമനുഷ്യരുടെ സ്വേച്ഛാധിപത്യത്തിന്റെയും അനീതികളാൽ ചുറ്റപ്പെട്ടിരിക്കുന്നു എന്നാണ് സിനിമ ഡയലോഗ്, ഇതിനെ സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയാണ് പീറ്റ് ഹെഗ്സെത്ത് അവതരിപ്പിച്ചത്.

‘വീണുപോയ വൈമാനികന്റെ പാത സ്വാർത്ഥതയുടെയും ദുഷ്ടമനുഷ്യരുടെ സ്വേച്ഛാധിപത്യത്തിന്റെയും അനീതികളാൽ ചുറ്റപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു അദ്ദേഹം പ്രാർത്ഥനാ യോഗത്തിൽ പറഞ്ഞത്. പ്രാർത്ഥനയുടെ ഒടുവിലെ ‘ഞാൻ കർത്താവാണെന്ന് നീ അറിയും’ എന്ന വാചകത്തിനു പകരം ‘ഞാൻ സാൻഡി വൺ ആണെന്ന് നീ അറിയും’ എന്നായിരുന്നു ഹെഗ്സെത്ത് പറഞ്ഞത്.

പ്രാർത്ഥനാ യോഗത്തിൽ തനിക്ക് അബദ്ധം പറ്റിയെന്ന് ഹെഗ്സെത്ത് സമ്മതിച്ചെങ്കിലും താൻ ബൈബിൾ തെറ്റായി ഉദ്ധരിച്ചു എന്ന വാർത്തയെ അദ്ദേഹം എക്സ് പോസ്റ്റിലൂടെ തള്ളി.

അതേസമയം വാഷിങ്ടൺ ഡി.സി.യിൽ പീറ്റ് ഹെഗ്സെത്ത് മാധ്യമപ്രവർത്തകർക്ക് നേരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ബൈബിളിലെ പരീശന്മാരോടാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ ഉപമിച്ചത്. യേശുക്രിസ്തു പ്രവർത്തിച്ച അത്ഭുതങ്ങൾ നേരിട്ട് കണ്ടിട്ടും വിശ്വസിക്കാൻ തയ്യാറാകാത്തവരാണ് പരീശന്മാർ എന്നാണ് ക്രൈസ്തവ വിശ്വാസം. ഈ ചരിത്ര പശ്ചാത്തലം മുൻനിർത്തിയായിരുന്നു ഹെഗ്സെത്തിന്റെ വിമർശനം.

Content Highlight: US Defense Secretary in controversy for using movie dialogues instead of Bible verses in prayer meeting

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം