മസാച്ചുസെറ്റ്‌സ്: യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഫലസ്തീന്‍ വിരുദ്ധ നടപടികളെ വിമര്‍ശിച്ച് യു.എസ് കോടതി. ഫലസ്തീനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ പൗരന്മാരല്ലാത്തവരെ തടവില്‍ വെയ്ക്കുന്നതും നാടുകടത്തുന്നതും ഭരണഘടനാ വിരുദ്ധവും ഒന്നാം ഭേദഗതി നല്‍കുന്ന അവകാശങ്ങളുടെ ലംഘനവുമാണെന്ന് ബോസ്റ്റണ്‍ ജില്ലാ കോടതി ജഡ്ജ് വില്യം യങ് പറഞ്ഞു.
ഫലസ്തീനെ പിന്തുണക്കുന്നതിന്റെ പേരില്‍ ഭരണഘടനാ വിരുദ്ധമായി ആളുകളെ നാടുകടത്തുന്ന അമേരിക്കന്‍ ഭരണകൂടത്തിനെതിരെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് (എ.എ.യു.പി) നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമും സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഫലസ്തീന്‍ അനുകൂലികളെ നാടുകടത്താന്‍ ശ്രമിക്കുന്നുവെന്ന് ജഡ്ജ് വിമര്‍ശിച്ചു.
Pro-Palestine march in DC
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കുള്ള അവകാശ നിഷേധമാണിതെന്നും കോടതി നിരീക്ഷിച്ചു. 161 പേജുള്ള ഉത്തരവിലൂടെയാണ് ജഡ്ജ് ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ചത്.
ഈ ഹരജി ജില്ലാ കോടതിയുടെ അധികാരപരിധിയില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ജഡ്ജ് യങ് പറഞ്ഞു. ‘നിയമപരമായി അമേരിക്കയില്‍ താമസിക്കുന്ന പൗരന്മാരല്ലാത്തവര്‍ക്ക്, മറ്റ് യു.എസ് പൗരന്മാരെ പോലെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യത്തിന് ഭരണഘടനാപരമായി തന്നെ അവര്‍ക്ക് അവകാശമുണ്ട് എന്ന ഉത്തരമാണ് കോടതിക്ക് നല്‍കാനുള്ളത്’,ജഡ്ജ് യങ് പറഞ്ഞു.
അതേസമയം, ട്രംപിനെയും ജഡ്ജ് വിമര്‍ശിച്ചു. ഭരണഘടന, സിവില്‍ നിയമങ്ങള്‍, ചട്ടങ്ങള്‍, മര്യാദകള്‍, ആചാരങ്ങള്‍ ഉള്‍പ്പെടെ എല്ലാം അവഗണിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് ജഡ്ജ് യങ് വിമര്‍ശിച്ചു. എല്ലാം മനസില്‍ സൂക്ഷിച്ചുവെച്ച് പ്രതികാരനടപടികള്‍ എടുക്കുകയാണ് ട്രംപെന്നും ജഡ്ജ് കുറ്റപ്പെടുത്തി.
ഫലസ്തീന്‍ അനുകൂലികളായവരെ നാടുകടത്തി മറ്റ് പൗരന്മാരിലും ഭയം വളര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിലൂടെ ഫലസ്തീന്‍ അനുകൂല പ്രതികരണങ്ങള്‍ തടയാനും യു.എസ് പൗരന്മാരല്ലാത്ത ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനുമാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്ന് ജഡ്ജ് കുറ്റപ്പെടുത്തി. വിഷയത്തില്‍ എ.എ.യു.പി മാര്‍ച്ച് നടത്തി പ്രതിഷേധിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ പൗരത്വമില്ലാത്ത വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് ട്രംപ് ഭരണകൂടം നാടുകടത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. മഹ്‌മൂദ് ഖലീല്‍, റുമെയ്‌സ ഓസ്ടര്‍ക്ക്, ബദര്‍ ഖാന്‍ സൂരി, മൊഹ്‌സന്‍ മഹ്ദാവി, യുന്‍സിയോ ചുങ്, രഞ്ജനി ശ്രീനിവാസന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എ.എ.യു.പി സംഘടന കോടതിയെ സമീപിച്ചത്.
നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ വിസകള്‍ ഇത്തരത്തില്‍ റദ്ദാക്കിയിരുന്നു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് ചില വിസകള്‍ പഴയപടിയാക്കിയെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ അറിയിച്ചിരുന്നു.
വിസ നല്‍കുന്നത് പഠിക്കാനും ബിരുദം നേടാനുമാണ്, അല്ലാതെ യു.എസിലെ യൂണിവേഴ്സ്റ്റി ക്യാമ്പസിനെ തകര്‍ക്കുന്ന സാമൂഹിക പ്രവര്‍ത്തകനാകാനല്ല.
യു.എസ് നിങ്ങള്‍ക്ക് വിസ നല്‍കി, എന്നാല്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് എന്താണ്? അതുകൊണ്ട് വിസ പിന്‍വലിക്കുകയാണെന്ന് മാര്‍ക്ക് റൂബിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlight: US court rules that deporting Palestinian supporters is unconstitutional; Trump’s action is an abuse of power