യു.എസിനെ വിശ്വസിക്കാന്‍ കൊള്ളില്ല; സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ കൈമാറ്റം നിലവില്‍ അജണ്ടയിലില്ല: അബ്ബാസ് അരാഗ്ച്ചി
World
യു.എസിനെ വിശ്വസിക്കാന്‍ കൊള്ളില്ല; സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ കൈമാറ്റം നിലവില്‍ അജണ്ടയിലില്ല: അബ്ബാസ് അരാഗ്ച്ചി
നിഷാന. വി.വി
Saturday, 16th May 2026, 11:30 am

ന്യൂദല്‍ഹി: സമ്പൂഷ്ടീകരിച്ച യുറേനിയം കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

റഷ്യയോട് നന്ദിയുണ്ടെന്നും എന്നാല്‍ യുറേനിയം കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച സ്തംഭനാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുമായുള്ള ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് വിഷയം മാറ്റിവെച്ചേക്കാമെന്നും അരാഗ്ച്ചി പറഞ്ഞു. അമേരിക്കയെ ചര്‍ച്ചകളില്‍ വിശ്വാസിക്കാന്‍ കഴിയില്ലെന്നും പരസ്പര വിരുദ്ധമായ സന്ദേശങ്ങള്‍ അയയ്ക്കുകയും യുക്തിരഹിതമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ നയതന്ത്ര ചര്‍ച്ചകളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിലവില്‍ വിശ്വാസമാണ് ഏറ്റവും വലിയ പ്രശ്‌നം. അമേരിക്കയെ ഒട്ടും വിശ്വസിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഒരു കരാറിലെത്തുന്നതിന് മുമ്പ് യു.എസിന് യഥാര്‍ത്ഥത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശമുണ്ടോയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ചര്‍ച്ചകളുമായി മുന്നോട്ട് പോവൂ,’ അരാഗ്ചി പറഞ്ഞു.

അമേരിക്കയെ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ടെന്നും എന്നാല്‍ നയതന്ത്രം വിജയിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സഹൗദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് തുറന്നിട്ടിട്ടുണ്ടെന്നും സുരക്ഷിതമായി കടന്നുപോവുന്നതിനായി ഇറാനിയന്‍ നാവികസേനയുമായി ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അരാഗ്ചി പറഞ്ഞു.

സമീപ ദിവസങ്ങളില്‍ ഇറാന്റെ സഹായത്തോടെ നിരവധി കപ്പലുകള്‍ കടലിടുക്ക് കടന്നിട്ടുണ്ടെന്നും മറ്റ് തടസങ്ങള്‍ക്ക് ഇറാന്‍ ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: US cannot be trusted; Transfer of enriched uranium not currently on agenda: Abbas Araghchi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.