തിരുവനന്തപുരം: വെനസ്വേലയിലെ യു.എസ് ആക്രമണം നികൃഷ്ടസംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയുടെ ഹൃദയശൂന്യതക്കെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണ സംഭവങ്ങളാണ് ലോകത്ത് നടക്കുന്നത്. വെനസ്വേലയുടെ പരമാധികാരത്തെ വകവെക്കാതെ ആ രാഷ്ട്രത്തിലേക്ക് കടന്നുകയറുകയും രാഷ്ട്രത്തലവനെ തന്നെ അമേരിക്കന്‍ സാമ്രാജ്യത്വം ബന്ദിയാക്കുകയും ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനും ജനങ്ങളെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കാനും അമേരിക്ക തയ്യാറാകുന്നു. ഈ നികൃഷ്ടമായ കടന്നുകയറ്റത്തിനും ഹൃദയശൂന്യതക്കുമെതിരെയും ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിക്കോളാസ് മഡുറോ (വെനസ്വേലൻ പ്രസിഡന്റ്)
അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്താകമാനം നടത്തുന്ന സൈനിക അധിനിവേശത്തിന്റെ ചരിത്രം മനുഷ്യ കുരുതിയുടേതാണ്. വിയറ്റ്‌നാം മുതല്‍ ഇറാഖ് വരെയും സിറിയ മുതല്‍ ലിബിയ വരെയും ലാറ്റിന്‍ അമേരിക്കയിലാകെയും ഈ രക്തം ചിതറി കിടക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് നിരപരാധികളെയാണ് അമേരിക്ക കൊന്നൊടുക്കിയത്. അധിനിവേശ താത്പര്യങ്ങള്‍ക്കായി അമേരിക്ക ആണവായുധങ്ങളും രാസായുധങ്ങളും വരെ ഉപയോഗിച്ചു. ആ ക്രൂരത ജപ്പാനിലെയും വിയറ്റ്‌നാമിലെയും വരും തലമുറയെ വരെ വേട്ടയാടുന്നതാണ്. ഇറാഖിലും സിറിയയിലും അമേരിക്ക വിതച്ച വിനാശങ്ങള്‍ ആ രാജ്യങ്ങളെ ദശാബ്ദം പിന്നോടടുപ്പിക്കുകയുണ്ടായി. പശ്ചിമേഷ്യയില്‍ ആകെ അസ്ഥിരത പടര്‍ത്തിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന ഭരണമാറ്റം രാഷ്ട്രങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്ക അതിക്രൂരമായ ആക്രമണങ്ങള്‍ നടത്താന്‍ മടിക്കുന്നില്ല. ഏറ്റവും ഒടുവില്‍ വെനസ്വേലയില്‍ കണ്ടതും അതാണ്. ലോകത്ത് ഏതൊരു രാജ്യത്തും ഇത് സംഭവിക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യം നമ്മള്‍ ഓരോരുത്തരെയും ആശങ്കപ്പെടുത്തേണ്ട വിഷയമാണ്. പഹല്‍ഗാമില്‍ പാകിസ്ഥാനി ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കാനും ഒപ്പം നില്‍ക്കാനും ഇന്ത്യ മറ്റു രാജ്യങ്ങളുടെ പിന്തുണ തേടി. ഭീകരവാദത്തിനെതിരായ ലോകത്തിന്റെ ഐക്യദാര്‍ഢ്യം ഉറപ്പിക്കാനാണ് പ്രത്യേക പ്രതിനിധി സംഘങ്ങളെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്.
അന്ന് നമ്മള്‍ ആഗ്രഹിച്ച അതേ രാജ്യാന്തര പിന്തുണയ്ക്ക് ഇന്ന് വെനസ്വേലയിലെ ജനങ്ങള്‍ക്കും അവകാശമുണ്ട്. മനുഷ്യ മനസാക്ഷിയെ അമ്പരപ്പിച്ച സാമ്രാജ്യത്വ നീക്കത്തെ ഗൗരവത്തിലെടുക്കാതെ നിസാരവത്ക്കരിക്കാനും അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാനുള്ള ത്വരയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ അമേരിക്കയുടെ പേര് പോലും പരാമര്‍ശിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൊണാൾഡ് ട്രംപ്
ഇന്ത്യയെയും നമ്മുടെ പരമാധികാരത്തെയും അധിക്ഷേപിക്കും വിധം പ്രസ്താവന നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഒന്ന് പ്രതിഷേധിക്കാന്‍ പോലും കേന്ദ്രത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രത്തിന്റെ അതേ വഴിയിലാണ് കോണ്‍ഗ്രസെന്നാണ് വിമര്‍ശനം. ട്രംപ് വീണ്ടും വീണ്ടും ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തുമ്പോഴും അതേ ട്രംപിന്റെ പേരില്‍ ഒരു റോഡ് തന്നെ നിര്‍മിക്കാന്‍ മത്സരിക്കുന്ന തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും നമ്മള്‍ കാണുന്നുണ്ട്.
ഇതിലാരും അത്ഭുതപ്പെടുന്നില്ല. അമേരിക്കയുടെ ഫണ്ടിങ്ങോടെ സി.ഐ.എ ആസൂത്രണം ചെയ്ത, വിമോചന സമരമെന്ന പേരില്‍ അട്ടിമറിസമരം നടത്തിയവര്‍ക്ക് ഇതെല്ലാം ചെയ്യാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Content Highlight: US attack on Venezuela a despicable incident; Centre’s allegiance to US: Chief Minister