ന്യൂദല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട പുതിയ വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് യു.എസ്. കാര്‍ഷിക സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയിലെ വലിയ വിപണി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതോടെ, അമേരിക്കന്‍ ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ പണം എത്തുമെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്നും റോളിന്‍സ് പറഞ്ഞു.
2024-ല്‍ കാര്‍ഷിക വ്യാപാരത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യയുമായി 1.3 ബില്യണ്‍ ഡോളറിന്റെ കമ്മി ഉണ്ടായിരുന്നു. പുതിയ കരാര്‍ ഈ വ്യത്യാസം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് യു.എസ്. കണക്കുകൂട്ടുന്നത്.
ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കേന്ദ്ര കൃഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വിദേശത്തുനിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര വിപണിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കുറയാതിരിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്നും, ജനിതക മാറ്റം വരുത്തിയ വിളകളുടെ കാര്യത്തില്‍ നിലവിലുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും നേരത്തെ കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍, നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായ തീരുമാനമാണ് പുതിയ കരാറുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.
കരാറിനെതിരെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദേശ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കുമിഞ്ഞുകൂടുന്നത് സ്വദേശി കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കരാറിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാനും പ്രതിപക്ഷം ആവശ്യപ്പെട്ടു.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്നതടക്കമുള്ള വിവാദപരമായ നിബന്ധനകള്‍ ഈ കരാറിലുണ്ടെന്ന് അമേരിക്കന്‍ കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. ഇത് ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്.
അമേരിക്കയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വമ്പന്‍ സബ്സിഡി (1.5 ട്രില്യണ്‍ ഡോളര്‍) കാരണം അവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയിലെത്തും. ഇത് ഇന്ത്യയിലെ ക്ഷീര മേഖലയ്ക്ക് മാത്രം പ്രതിവര്‍ഷം 1.03 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്കയിലെ വന്‍കിട കമ്പനികളോടും അത്യാധുനിക യന്ത്രങ്ങളോടും മത്സരിക്കുക എന്നത് ഇന്ത്യയിലെ ചെറുകിട കര്‍ഷകര്‍ക്ക് പ്രായോഗികമായി ബുദ്ധിമുട്ടാണ്. അതിനൊപ്പം ജനിതക മാറ്റം വരുത്തിയ വിളകള്‍ വിപണിയിലെത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ഇന്ത്യയുടെ തനതായ വിത്തിനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഫാര്‍മേഴ്സ് മൂവ്മെന്റ് (ICCFM) വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Content Highlight: US agriculture secretary signals more exports to India, fuelling import concerns