മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ.
1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാള്‍ ഉര്‍വശി ആയിരുന്നു.ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.
2024 ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറാം തവണയും ഉര്‍വശി സ്വന്തമാക്കി. ക്രിസ്‌റ്റോ ടോമിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഉള്ളൊഴുക്ക് ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു.
ഇപ്പോള്‍ ഉള്ളൊഴുക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. താന്‍ ആ സിനിമ കണ്ടിട്ടില്ലെന്നും സെന്റിമെന്റല്‍ സിനിമ ആണെന്ന് പറഞ്ഞ് തന്റെ വീട്ടില്‍ ആരും തന്നെ സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും ഉര്‍വശി പറയുന്നു. സിനിമകളില്‍ സാധാരണ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ആളല്ല താനെന്നും അതുകൊണ്ട് തന്നെ ഈ സിനിമയില്‍ അത്രയും ഫീല്‍ ചെയ്താണ് താന്‍ അഭിനയിച്ചതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാന്‍ അത്രയും വിഷമിച്ച സിനിമയാണ് ഉള്ളൊഴുക്ക് എന്നും അവര്‍ പറഞ്ഞു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘ഞാന്‍ കണ്ടിട്ടില്ല ഉള്ളൊഴുക്ക്. അതില്‍ ഡബ്ബിങ് ഇല്ലല്ലോ, ലൈവായിരുന്നല്ലോ ആ സിനിമ. സാധാരണ ഡബ്ബിങ് ചെയ്താലാണ് കാണാന്‍ പറ്റുക. എന്റെ അമ്മ കണ്ടിട്ടില്ലാ, കല ചേച്ചി കണ്ടിട്ടില്ല. ഇത് കരച്ചില്‍ പടമാണെന്ന് പറഞ്ഞ് എന്റെ വീട്ടില്‍ ആരും ആ സിനിമ കാണില്ല. ഞാന്‍ കാണാത്ത കാരണം എന്തെന്ന് വെച്ചാല്‍, ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ആളല്ല. അപ്പോള്‍ സ്‌പോട്ടില്‍ ഭയങ്കര ഫീല്‍ ചെയ്താണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു നാല്‍പ്പത് ദിവസം ഞാന്‍ അതില്‍ അഭിനയിച്ചു എന്നത് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് സങ്കടമാണ്.
സ്‌ക്രിപ്റ്റ് അത്രയും ഇഷ്ടപെട്ടിട്ട് ഒരു സിനിമ വേണ്ട എന്ന് വെയ്ക്കണം എന്നുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. അങ്ങനെയായിരുന്നു ഉള്ളൊഴുക്ക്. സംവിധായകനോട് ഞാന്‍ പറഞ്ഞു. ഞാന്‍ കരയുകയേ ഇല്ല. അങ്ങനെയാണ് എന്നുണ്ടെങ്കില്‍ സിനിമ ചെയ്യാം. ചേച്ചി കരയണ്ട ചേച്ചിക്ക് എങ്ങനെയാണോ ചെയ്യേണ്ടത് അങ്ങനെ മതിയെന്ന് ക്രിസ്‌റ്റോ പറഞ്ഞു. കരയാതെ കരയുകയാണ് അവിടെ ഒരു സംവിധായകന്റെ ബുദ്ധിയാണ് അത്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi talks about Ullozhukku movie