മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഉർവശി. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള താരം 1984ൽ മമ്മൂട്ടി നായകനായ ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചത്.
1985 മുതൽ 1995 വരെ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഉർവശി.
മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള അഭിനേത്രിയാണ് ഉർവശി. 1983ൽ പുറത്തിറങ്ങിയ ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെ ഭാഗ്യരാജിന്റെ നായികയായാണ് ഉർവശി തമിഴിൽ അരങ്ങേറ്റം കുറിച്ചത്.
ചിത്രത്തിലെ ‘കണ്ണുതുറക്കണം സ്വാമി’ എന്ന് തുടങ്ങുന്ന ഗാനം കേരളത്തിലും തമിഴ് നാട്ടിലും വൻഹിറ്റായിരുന്നു. ഈ പാട്ടിലെ ഉർവശിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടാറുണ്ട്.
എന്നാൽ, പതിനാലാമത്തെ വയസിലാണ് അത്തരമൊരു പ്രകടനം ഉർവശി നടത്തിയതെന്നത് കൂടുതൽ അതിശയിപ്പിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ‘കണ്ണുതുറക്കണം സ്വാമി’ എന്ന പാട്ട് ഹിറ്റായതിനുപിന്നാലെ തന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയ അനുഭവം പങ്കുവെക്കുകയാണ് ഉർവശി.
‘അന്ന് പത്താം ക്ലാസിലായിരുന്നു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ സിനിമ റിലീസായിരുന്നു. ആൺകുട്ടികളൊക്കെ ഈ പാട്ട് പാടി പിറകെ നടക്കാൻ തുടങ്ങി. അങ്ങനെയാണ് എന്നെ സ്കൂളിൽ നിന്ന് പുറത്താക്കിയത്.
ശരിക്കും ഞാൻ പഠിച്ചത് സിനിമാപ്രവർത്തകരുടെ മക്കൾ പഠിക്കുന്ന സ്‌കൂളിലാണ്. എങ്കിൽപ്പോലും മറ്റ് കുട്ടികളെന്നെ ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ എന്നെ സ്‌കൂളിൽ അയക്കേണ്ട എന്ന് അദ്ധ്യാപകർ തന്നെ വീട്ടിലേക്ക് വിളിച്ചുപറഞ്ഞു. വീട്ടിലിരുന്ന് പഠിച്ചിട്ട് എക്‌സാം എഴുതാനായി നിർദേശിക്കുകയായിരുന്നു.’ ഉർവശി പറഞ്ഞു.
കെ. ഭാഗ്യരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ, നായികയായ പരിമളം നായകനായ അധ്യാപകനെ വശീകരിക്കാൻ പാടുന്ന പാട്ടാണിത്. തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നാണിത്. ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ഈ ഗാനം ഇന്നും ഓരോ പ്രേക്ഷകരുടെയും ഫേവറിറ്റ് ഗാനങ്ങളിലൊന്നാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.