മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. നടൻ എന്നതിന് പുറമെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. നർമത്തിന് പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. 1976ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് ഉർവശി. സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിവാസനെന്ന് ഉർവശി പറയുന്നു. തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിവാസനുണ്ടെന്നും അത് തന്നെയാണ് അദ്ദേഹത്തോട് തോന്നുന്ന റെസ്‌പെക്ടും ആരാധനയുമെന്നും ഉർവശി പറഞ്ഞു.
‘ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാർസിന്റെ പടങ്ങളിൽ അപ്രധാനമായ വേഷങ്ങളിൽ ശ്രീനിയേട്ടൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും.
ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്‌സിൽ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൊറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്. ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടൻ ചിലപ്പോൾ ചെയ്യില്ല. കാരണം അത് ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതാണ് അദ്ദേഹത്തോട് നമുക്ക് തോന്നുന്ന റെസ്‌പെക്ടും ആരാധനയും,’ ഉർവശി പറയുന്നു.
Content Highlight: Urvashi Talks About Sreenivasan