| Tuesday, 13th May 2025, 9:37 am

ശോഭനയെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകള്‍ ഉണ്ടാകും; ആ ചോദ്യം ഞാനും കേള്‍ക്കാറുണ്ട്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ എളുപ്പത്തിലായിരുന്നു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഉര്‍വശി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായിക ആകാനും ഉര്‍വശിയ്ക്ക് സാധിച്ചിരുന്നു.

ഇന്ന് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉര്‍വശിയെയും ശോഭനയെയും താരതമ്യപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകള്‍ കാണാറുണ്ട്. ഇവരില്‍ ആരാണ് മികച്ച നടിയെന്നത് വലിയ ചര്‍ച്ചയാകുന്നതും കാണാം. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍
അതിനോട് പ്രതികരിക്കുകയാണ് ഉര്‍വശി.

‘ഒന്നിനോട് ഒന്നിനെ സാമ്യപ്പെടുത്തുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ഈ ലോകത്തില്‍ ഒരു വസ്തുവിനെയും ഒന്നിനോട് ഒന്ന് സാമ്യപ്പെടുത്തിയിട്ടല്ല ഈശ്വരന്‍ സൃഷ്ടിച്ചത്. പിന്നെ എങ്ങനെയാണ് നമ്മള്‍ സാമ്യപ്പെടുത്തുക. താരതമ്യങ്ങളൊന്നും നല്ലതല്ല.

മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടനെന്ന് ചോദിച്ചാല്‍ ആ ചോദ്യം തന്നെ അര്‍ത്ഥമില്ലാതെ ആകും. രണ്ടും രണ്ട് സ്റ്റൈലാണ്.

ശോഭനയെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ടാകും. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് ആളുകളുണ്ടാകും. പക്ഷെ രണ്ടുപേരെയും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.

രണ്ടും രണ്ടുപേരായി തന്നെയാണ് നില്‍ക്കുന്നത്. എന്നോടും പലരും ചോദിക്കുന്ന ചോദ്യമാണ് ശോഭനയെ കുറിച്ചുള്ളത്. ‘നിങ്ങള്‍ രണ്ടുപേരില്‍ ഏറ്റവും നല്ല സിനിമകള്‍ ചെയ്തത് ആരാണെന്നാണ് ഉര്‍വശി ചേച്ചിയുടെ അഭിപ്രായം’ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷെ അങ്ങനെയൊന്നുമില്ല.

ഞാന്‍ ഇവിടെ മലയാളത്തിലേക്ക് വരുമ്പോള്‍ ശോഭന നല്ല ബിസിയായി നില്‍ക്കുന്ന സമയമായിരുന്നു. അന്ന് നദിയ മൊയ്തുവും ഉണ്ടായിരുന്നു. നദിയയുടെ തരംഗം ഉണ്ടായിരുന്ന സമയമായിരുന്നു അത്.

ഞാന്‍ അഭിനയിച്ച ഐ.വി ശശിയുടെ ചിത്രങ്ങളില്‍ ഒരുപാട് നായികമാര്‍ ഉണ്ടായിരുന്നു. പിന്നെ 1988 ഒക്കെ ആകുമ്പോഴാണ് സംവിധായകര്‍ പൂര്‍ണവിശ്വാസത്തോടെ എന്റെ ചുമലിലേക്ക് ഒരു സിനിമ വെച്ചു തരുന്ന അവസ്ഥ ഉണ്ടാകുന്നത്,’ ഉര്‍വശി പറയുന്നു.


Content Highlight: Urvashi Talks About Shobana

We use cookies to give you the best possible experience. Learn more