മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഉര്‍വശി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തമിഴില്‍ കമല്‍ ഹാസനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും രജിനികാന്തിനൊപ്പം നടി അഭിനയിച്ചിരുന്നില്ല.
ഇപ്പോള്‍ മുത്തുവെന്ന രജിനികാന്ത് ചിത്രത്തിലേക്ക് തനിക്ക് ഓഫര്‍ വന്നിരുന്നുവെന്ന് പറയുകയാണ് ഉര്‍വശി. എന്നാല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ അതില്‍ തനിക്ക് പ്രാധാന്യം കൂടിയതിനാല്‍ ആ കഥാപാത്രത്തെ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നുവെന്നും നടി പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘മുത്തു എന്ന സിനിമയിലേക്ക് എനിക്ക് ഓഫര്‍ വന്നു. പക്ഷെ അന്ന് ഞാന്‍ ബിസിയായിരുന്നു. അതില്‍ രജിനി സാറിനെ വാടാ പോടാ എന്നൊക്കെ വിളിക്കുന്ന കഥാപാത്രമായിരുന്നു. ‘ഡേയ് ഇങ്ക വാടാ’ എന്നൊക്കെ വിളിക്കണമായിരുന്നു. മറ്റാര് വിളിച്ചാലും ഓഡിയന്‍സ് അങ്ങനെ ആക്‌സെപ്റ്റ് ചെയ്യില്ല.
ഞാന്‍ അതില്‍ ഒരല്‍പ്പം കൊഞ്ചിച്ച് വളര്‍ത്തിയ പെണ്ണിന്റെ റോളായിരുന്നു ചെയ്യേണ്ടിയിരുന്നത്. മുത്തുവിന് ചെറുപ്പം മുതല്‍ക്കേ അറിയാവുന്ന കുട്ടിയായിരുന്നു അത്. പക്ഷെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി വന്നപ്പോള്‍ എന്റെ കഥാപാത്രം ഒരുപാട് ഡോമിനേറ്റായി പോയി. അഡ്വാന്‍സും വാങ്ങി ഞാന്‍ ഷൂട്ടിങ്ങിന് തയ്യാറായി നില്‍ക്കുന്ന സമയമായിരുന്നു അത്.
ആ കഥാപാത്രത്തിന്റെ പ്രാധാന്യം കുറച്ചാല്‍ ശരിയാവാത്ത അവസ്ഥയുമായിരുന്നു. അങ്ങനെ അവസാനം ആ കഥാപാത്രത്തെ മുഴുവനായും റിമൂവ് ചെയ്യുകയായിരുന്നു. അതിലെ മീന ചെയ്ത റോളല്ല ഞാന്‍ പറയുന്നത്. ആ വീട്ടിലെ വേറെ ഒരു കഥാപാത്രമായിരുന്നു എന്റേത്.
അതില്‍ മുത്തുവിനെ സ്‌നേഹിച്ച് നടക്കുന്ന കഥാപാത്രത്തെ പോലെ തോന്നുമെങ്കിലും അവള്‍ക്ക് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് ഇന്നസെന്റായ ഒരു കഥാപാത്രമായിരുന്നു അത്. എന്തായാലും രജിനി സാറും ഞാനും സിനിമയില്‍ ഉണ്ടല്ലോ. അതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ സാധ്യത ഇനിയും ഉണ്ടല്ലോ,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About Rajinikanth’s Muthu Movie