| Friday, 14th February 2025, 9:39 am

'പ്രായത്തിന് മുതിര്‍ന്നവരെ പേരെടുത്ത് വിളിക്കുന്നോ' എന്ന് ചോദിച്ച് അദ്ദേഹം എന്നെ തല്ലി: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മുരളിയെ കുറിച്ചും ഭരതം എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളെ കുറിച്ചും രമേശ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സില്‍ സംസാരിക്കുകയാണ് ഉര്‍വശി.

മുരളി ചേട്ടന്‍ എന്റെ വളരെ അടുത്ത ബന്ധുവാണ്. ഞാന്‍ അദ്ദേഹത്തെ കൊച്ചേട്ടാ എന്നാണ് വിളിച്ചിരുന്നത് – ഉര്‍വശി

‘മുരളി ചേട്ടന്‍ എന്റെ വളരെ അടുത്ത ബന്ധുവാണ്. ഞാന്‍ അദ്ദേഹത്തെ കൊച്ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. ആ അധികാരവും സ്വാതന്ത്ര്യവും മുരളി ചേട്ടന്‍ ഇപ്പോഴും എന്റെ അടുത്ത് എടുത്തിരുന്നു. ഭരതം ഒക്കെ നടക്കുമ്പോള്‍ ഞാന്‍ എപ്പോഴും ഇങ്ങനെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും.

ലാലേട്ടനും എല്ലാവരും ഇരിക്കുന്നുണ്ടാകും. അത് കൊച്ചേട്ടന് ഇഷ്ടമല്ല. അപ്പോള്‍ മുരളി ചേട്ടന്‍ ‘മോളെ മതി’ എന്ന് പറയും. അത് കേട്ട് പിണങ്ങി ഞാന്‍ എണീറ്റ് മുരളി എന്ന് പറഞ്ഞ് ഗ്യാപ്പിട്ട് കൊച്ചേട്ടാ എന്ന് വിളിക്കും. ഇതൊരു തമാശയായിട്ട് പല ദിവസങ്ങളിലും പറഞ്ഞു. പുള്ളി അടിക്കുമെന്ന് പറഞ്ഞാല്‍ അടിക്കും. അതിപ്പോള്‍ ആണുങ്ങള്‍ ആയാലും പെണ്ണുങ്ങള്‍ ആയാലും. എങ്ങനെയൊക്കെ വാത്സല്യത്തോടെ ഒരടി എന്നേ ഉള്ളു. എന്നെ അടിക്കില്ല എന്നൊരു വിശ്വാസത്തിലാണ് ഞാന്‍ നടന്നിരുന്നത്.

അങ്ങനെ ഒരു ദിവസം ഞാന്‍ ‘ഡാ മുരളി…കൊച്ചേട്ടാ’ എന്ന് വിളിച്ച് ഓടി. പിന്നെ ഞാന്‍ കാണുന്നത് ഓടി എന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന മുരളി ചേട്ടനെയാണ്. ‘പ്രായത്തിന് മുതിര്‍ന്നവരെ പേരെടുത്ത് വിളിക്കുന്നോ’ എന്ന് ചോദിച്ച് അദ്ദേഹം ഒരു വിരല്‍ കൊണ്ട് എന്റെ കയ്യില്‍ അടിച്ചു. എന്റെ വളരെ സെന്‍സിറ്റീവ് സ്‌കിന്നാണ്. അതുകൊണ്ടുതന്നെ ചെറുതായി ഒന്ന് പഠിച്ചാല്‍ പോലും തിണര്‍ത്ത് വരും. എനിക്ക് വേദനിച്ചോന്നും ഇല്ല.

കുറച്ച് നേരം കഴിഞ്ഞ് ഞാനും ലാലേട്ടനും കൂടെ വേണുച്ചേട്ടന്റെ കാര്യങ്ങള്‍ എല്ലാം സംസാരിക്കാന്‍ വരുന്ന ഒരു സീരിയസ് സീനുണ്ട്. അതെടുക്കാന്‍ വേണ്ടി ലാലേട്ടനും ഞാനും കൂടി നില്‍ക്കുമ്പോള്‍ ഞാന്‍ എന്തൊക്കയോ തമാശ പറയുകയായിരുന്നു. ‘സീരിയസ് സീനാണ്. മിണ്ടാതിരി കൊച്ചെ’ എന്ന് ലാലേട്ടന്‍ പറഞ്ഞു. ‘ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ട് ഞാനൊരു അടി വെച്ച് കൊടുത്തിട്ടുണ്ട്’ എന്ന് കൊച്ചേട്ടന്‍ പറഞ്ഞു.

ലാലേട്ടന്‍ നോക്കുമ്പോള്‍ എന്റെ കൈ ചുവന്ന് കിടക്കുകയാണ്. ‘നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ, അതൊരു പെണ്‍കൊച്ചല്ലേ, ചെറുതല്ല, എന്തെങ്കിലും കളി പറഞ്ഞ് നടക്കും. മോശമായി പോയി’ എന്നൊക്കെ പറഞ്ഞ് ലാലേട്ടന്‍ അത് സീരിയസായി എടുത്തു. പിന്നെ എന്റെ കയ്യിലേക്ക് നോക്കിയപ്പോള്‍ മുരളി ചേട്ടന് പാവം തോന്നി,’ ഉര്‍വശി പറയുന്നു.

Content highlight: Urvashi talks about Mohanlal and Murali

We use cookies to give you the best possible experience. Learn more