സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളായ നടിക്ക് കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ സാധിച്ചിരുന്നു.
മീര ജാസ്മിനെ കുറിച്ച് സംസാരിക്കുകയാണ് ഉർവശി. ഒരു സീൻ എടുക്കുമ്പോൾ അതിൻ്റെ മൂഡ് മെയിൻ്റൈൻ ചെയ്യുന്ന നടിയാണ് മീര ജാസ്മിനെന്ന് ഉർവശി പറയുന്നു. അച്ചുവിന്റെ അമ്മ എന്ന സിനിമ ചെയ്യുമ്പോൾ ഒരു സീരിയസ് സീൻ എടുക്കുന്നതിന് മുമ്പ് മീര വളരെ ഗൗരവത്തോടെയാണ് ഇരുന്നതെന്നും താൻ അപ്പോൾ മീരയെ ചിരിപ്പിക്കാൻ ശ്രമിച്ചുവെന്നും ഉർവശി പറഞ്ഞു.
അവസാനം സംവിധായകൻ സത്യൻ അന്തിക്കാട് തന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞെന്നും തന്നെപോലെയല്ല മീര വർക്ക് ചെയ്യട്ടെ എന്ന് പറഞ്ഞെന്നും ഉർവശി കൂട്ടിച്ചേർത്തു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.
‘ഒരു സീൻ എടുക്കുമ്പോൾ അതിൻ്റെ മൂഡ് മെയിൻ്റൈൻ ചെയ്യുന്നവരുണ്ട്. മീര അങ്ങനെയാണ്. അച്ചുവിൻ്റെ അമ്മ ചെയ്യുമ്പോൾ അങ്ങനെ ആയിരുന്നു. ‘ഞാൻ ഇതുവരെയും അമ്മയുടെ അടുത്ത് നിന്ന് ഒന്നും മറച്ചിട്ടില്ല, എനിക്ക് അറിയണം എൻ്റെ അച്ഛനാരാണെന്ന്’ എന്ന് പറയുന്ന ഒരു ഭാഗമുണ്ട്. അത് ഒരു വീട്ടിൻ്റെ പല ഭാഗങ്ങളിൽ വന്ന് നിന്ന് ചോദിക്കുകയാണ്.
ഈ സീൻ എനിക്കും മീരക്കും സത്യേട്ടൻ പറഞ്ഞുതന്നു. അത് കഴിഞ്ഞ് ഞാൻ വേറെന്തോ കഥ അവളോട് പറയാൻ വേണ്ടി പോയപ്പോൾ ‘ചേച്ചി പ്ലീസ്, ഞാൻ വളരെ സീരിയസ് ആയിട്ട് ആ മൂഡ് മെയിൻ്റൈൻ ചെയ്യുകയാണ്, എനിക്ക് ചിരിച്ച് കഴിഞ്ഞാൽ ഈ സീരിയസ്‌നെസ് വരില്ലെന്ന് ‘മീര പറഞ്ഞു.
ഞാൻ ഒറ്റക്കിരിക്കുകയായിരുന്നു. അവൾ എന്നെ നോക്കുമ്പോഴെല്ലാം ഞാൻ എന്തെങ്കിലും കോഷ്ട്ടി കാണിക്കും. അതുകൊണ്ട് അവൾ എന്നെ നോക്കുകയേ ഇല്ല. അവസാനം സത്യേട്ടൻ പറയും ‘ഒന്ന് മിണ്ടാതിരിക്കൂ ഉർവശി, അവൾ വർക്ക് ചെയ്യട്ടെ, ഉർവശിയെപ്പോലെയല്ല’ എന്ന്,’ ഉർവശി പറയുന്നു.
Content Highlight: Urvashi Talks About Meera Jasmin