| Wednesday, 18th June 2025, 8:07 am

ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ മഞ്ജുവിന്റെ ഫോട്ടോ ആദ്യമായി കണ്ടത്, സിനിമയില്‍ അവസരം ചോദിച്ചത് അവളുടെ അച്ഛനായിരുന്നു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരാണ് ഉര്‍വശിയും മഞ്ജു വാര്യരും. ചെറുപ്രായത്തില്‍ തന്നെ ഇന്‍ഡസ്ട്രിയുടെ ഭാഗമായ ഇരുവരും തങ്ങളുടെ പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകപ്രീതി സ്വന്തമാക്കി. മഞ്ജു വാര്യര്‍ ഇടക്ക് സിനിമയില്‍ നിന്ന് മാറിനിന്നെങ്കിലും തിരിച്ചുവരവില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റെ സ്ഥാനം വീണ്ടെടുത്തു.

മഞ്ജു വാര്യറെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ സെറ്റില്‍ വെച്ചാണ് താന്‍ ആദ്യമായി മഞ്ജു വാര്യരുടെ ഫോട്ടോ കണ്ടതെന്ന് ഉര്‍വശി പറയുന്നു. മഞ്ജുവിന്റെ അച്ഛനായിരുന്നു അന്ന് സെറ്റില്‍ വന്നതെന്നും ഫോട്ടോ കണ്ടതും തനിക്ക് ഇഷ്ടമായെന്നും താരം പറഞ്ഞു. പുതിയ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ ഷൂട്ട് നടക്കുന്ന സമയം. എന്റെ സീനെടുത്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി. ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നിന്ന് ഒരാള്‍ എന്നെ നോക്കി കൈകാണിക്കുന്നു. അടുത്തേക്ക് വന്നോട്ടെ എന്ന് ചോദിച്ച് അയാള്‍ വന്നു. കൈയില്‍ ഒരു ആല്‍ബമൊക്കെയുണ്ട്.

അത് എന്നെ കാണിച്ചു. മഞ്ജുവിന്റെ കുറേ ഫോട്ടോസായിരുന്നു അതില്‍. കണ്ണൊക്കെ നല്ല വാലിട്ടെഴുതി, നല്ല സുന്ദരിയായിട്ടുള്ള ഫോട്ടോസായിരുന്നു. അതെല്ലാം എന്നെ കാണിച്ചപ്പോള്‍ ‘മകള്‍ക്ക് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ’ എന്ന് ചോദിച്ചു. ‘ആഗ്രഹമുണ്ട്, പക്ഷേ, ഇതുവരെ അവസരം കിട്ടിയിട്ടില്ല’ എന്ന് പറഞ്ഞു.

അവസരം കൊടുക്കാമെന്ന് പറഞ്ഞിട്ടാണ് അദ്ദേഹത്തെ ആരോ ആ സെറ്റിലെത്തിച്ചത്. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല. മഞ്ജു എങ്ങനെയായാലും സിനിമയിലെത്താന്‍ സാധ്യതയുണ്ടെന്ന് അന്ന് ആ ഫോട്ടോസ് കണ്ടപ്പോള്‍ എനിക്ക് മനസിലായിരുന്നു,’ ഉര്‍വശി പറയുന്നു.

മോഹന്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ സിനിമാലോകത്തേക്കെത്തിയത്. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെയാണ് താരം ശ്രദ്ധേയയായത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യറിന് സാധിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കി.

Content Highlight: Urvashi talks about Manju Warrier

We use cookies to give you the best possible experience. Learn more