| Monday, 5th May 2025, 8:30 pm

ഞാന്‍ എന്ത് കഴിക്കണം, കഴിക്കണ്ട തുടങ്ങിയെല്ലാ കാര്യത്തിലും ആ നടിയുടെ കണ്ണെത്തും; എന്നെ നിയന്ത്രിക്കും: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് അവര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തിലകന്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത, ഇന്നസെന്റ്, സുകുമാരി, രാജന്‍ പി. ദേവ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ മലയാളത്തിലെ അതുല്യപ്രതിഭകളുടെ കൂടെയെല്ലാം അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ ഇവരെല്ലാം കൂടെയില്ലാത്തത് വലിയൊരു നഷ്ടം തന്നെയാണെന്ന് പറയുകയാണ് ഉര്‍വശി. തന്നെയൊക്കെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയവരാണ് അവരെന്നും അവരുടെയെല്ലാം അതിരറ്റ സ്‌നേഹവാത്സല്യങ്ങള്‍ തനിക്ക് ലഭിച്ചിരുന്നുവെന്നും നടി പറയുന്നു.

ഏത് സെറ്റില്‍ ചെന്നാലും ഇവരെല്ലാം അവിടെ ഉണ്ടാകുമായിരുന്നുവെന്നും അന്ന് അവരില്ലാത്ത സിനിമകളില്ലായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

കെ.പി.എ.സി ലളിതയുള്ള സെറ്റില്‍ തന്റെ എല്ലാ കാര്യവും നിയന്ത്രിക്കുന്നത് അവരായിരുന്നുവെന്നും എന്ത് കഴിക്കണം, കഴിക്കണ്ട തുടങ്ങി എല്ലാ കാര്യങ്ങളിലും അവരുടെ കണ്ണെത്തുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അത്രമാത്രം സ്വാതന്ത്ര്യമുള്ള അമ്മമാരായിരുന്നു അന്ന് ഉണ്ടായിരുന്നതെന്നും നടി പറയുന്നു.

‘മലയാളസിനിമയെ സമൃദ്ധമാക്കിയ ഒരുപാട് കലാകാരന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സത്യത്തില്‍ ഒന്നിച്ച് അഭിനയിച്ച അതുല്യപ്രതിഭകള്‍ ഇന്ന് കൂടെയില്ലാത്തത് വലിയൊരു നഷ്ടം തന്നെയാണ്.

തിലകന്‍ ചേട്ടന്‍, നെടുമുടി വേണുച്ചേട്ടന്‍, ലളിതച്ചേച്ചി, ഇന്നസെന്റേട്ടന്‍, സുകുമാരിയമ്മ, രാജന്‍ പി. ദേവ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരെല്ലാം കൂടെയുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നെയൊക്കെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയവരാണ് അവര്‍.

വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ കഴിഞ്ഞവരായിരുന്നു. അവരുടെയെല്ലാം അതിരറ്റ സ്‌നേഹവാത്സല്യങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു. ഏത് സെറ്റില്‍ ചെന്നാലും ഇവരെല്ലാം ഉണ്ടാകുമായിരുന്നു. അന്ന് അവരില്ലാത്ത സിനിമകളില്ലായിരുന്നു.

ഇന്ന് സത്യത്തില്‍ അവരാരും ഇല്ലായെന്നുള്ളത് എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ലളിതച്ചേച്ചിയുള്ള സെറ്റില്‍ എന്റെ എല്ലാ കാര്യവും നിയന്ത്രിക്കുന്നത് ചേച്ചിയാണ്. എന്ത് കഴിക്കണം, കഴിക്കണ്ട തുടങ്ങി എല്ലാ കാര്യങ്ങളിലും ചേച്ചിയുടെ കണ്ണെത്തും. അത്രമാത്രം സ്വാതന്ത്ര്യമുള്ള അമ്മമാരായിരുന്നു അന്ന് ഉണ്ടായിരുന്നത്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About KPAC Lalitha

We use cookies to give you the best possible experience. Learn more