| Friday, 9th May 2025, 7:55 am

സിനിമക്കായി മരിക്കാന്‍ തയ്യാറാകുന്ന നടന്‍; ആള്‍ക്കൂട്ടത്തില്‍ പോലും കഴിവുള്ളവരെ അദ്ദേഹം കണ്ടെത്തും: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് അവര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായിക ആയിരിക്കെ തന്നെ ജഗദീഷ്, ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള നടന്മാരുടെ നായിക കൂടിയാകാന്‍ തയ്യാറായ നടിയാണ് ഉര്‍വശി.

ഒപ്പം നിരവധി സിനിമകളില്‍ കമല്‍ ഹാസന്റെ കൂടെ അഭിനയിക്കാനും ഉര്‍വശിക്ക് സാധിച്ചിരുന്നു. ഒരിക്കല്‍ കമല്‍ ഹാസന്‍ ‘എനിക്ക് സിനിമയില്‍ രണ്ടുപേരെയാണ് പേടി. ഡാന്‍സിന്റെ കാര്യത്തില്‍ സീമയും അഭിനയത്തില്‍ ഉര്‍വശിയെയും’ എന്നായിരുന്നു പറഞ്ഞിരുന്നത്.

ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസനെ കുറിച്ച് പറയുകയാണ് ഉര്‍വശി. അദ്ദേഹം വളരെ വലിയൊരു കലാകാരനാണെന്നും കഴിവുള്ളവരെ കണ്ടെത്തി കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കാറുണ്ടെന്നുമാണ് നടി പറയുന്നത്. ഒപ്പം സിനിമയ്ക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന നടനാണ് കമല്‍ ഹാസനെന്നും ഉര്‍വശി പറയുന്നു.

‘കമല്‍ സാര്‍ വളരെ വലിയൊരു കലാകാരനാണ്. കഴിവുള്ളവരെ കണ്ടെത്തി കൊണ്ടുവരാന്‍ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. പഴയ ആര്‍ട്ടിസ്റ്റുകളെയൊക്കെ തേടി കണ്ടുപിടിച്ച് അദ്ദേഹം കൊണ്ടുവരാറുണ്ട്.

അത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് കമല്‍ സാര്‍. കഴിവ് എവിടെയുണ്ടെന്ന് അദ്ദേഹത്തിന് എളുപ്പം മനസിലാകും. ഒരു ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ ഒരാള്‍ കുറച്ച് എക്‌സ്പ്രസീവാണെന്ന് സാര്‍ കണ്ടാല്‍ അയാളെ മുന്നിലേക്ക് നിര്‍ത്താന്‍ പറയും.

കമല്‍ സാറിന്റെ ഈ കഴിവിനെ കുറിച്ച് അറിയുന്നവര്‍ അദ്ദേഹത്തിന്റെ ശ്രദ്ധ കിട്ടാന്‍ വേണ്ടി നല്ല ആത്മാര്‍ത്ഥമായി തന്നെ പെര്‍ഫോം ചെയ്യും. സിനിമയ്ക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന ആളാണ് കമല്‍ സാര്‍,’ ഉര്‍വശി പറയുന്നു.


Content Highlight: Urvashi Talks About Kamal Haasan

We use cookies to give you the best possible experience. Learn more