മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശിയും ഫോസില്‍ ഹോള്‍ഡിംഗ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്. ശിവപ്രസാദ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മ ആയി എത്തുന്നത് ഉര്‍വശി തന്നെയാണ്. ചിത്രത്തില്‍ കലേഷ് രാമാനന്ദും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മുമ്പ് ഉര്‍വശിയും കാതല്‍ സന്ധ്യയും പ്രധാനവേഷത്തില്‍ എത്തിയ മൈ ഡിയര്‍ മമ്മി (2014) എന്ന ചിത്രത്തില്‍ കലേഷ് അഭിനയിച്ചിരുന്നു.
അതില്‍ കോളേജ് സീനിലും അതിലെ പാട്ട് സീനിലുമായിരുന്നു അഭിനയിച്ചിരുന്നത്. ജഗദമ്മ സിനിമയുടെ സമയത്ത് കലേഷ് തന്നെ ഓര്‍മയുണ്ടോയെന്ന് ഉര്‍വശിയോട് ചോദിച്ചിരുന്നു. എന്നാല്‍ ഉര്‍വശിക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.
‘നമുക്ക് കാലം എത്ര പോയാലും ചില മുഖങ്ങള്‍ മനസിലേക്ക് ഓടി വരും. പക്ഷെ കൃത്യമായി അവര്‍ ആരാണെന്ന് അറിയില്ലായിരിക്കും. എന്നാല്‍ അവരോട് ചെന്ന് നിങ്ങള്‍ ആരായിരുന്നു എന്ന് ചോദിക്കാന്‍ പറ്റില്ല. കാരണം നമ്മള്‍ മറന്നു പോയല്ലോ എന്നോര്‍ത്ത് അവര്‍ക്ക് ഫീല് ചെയ്യും.
അതുകൊണ്ട് തന്നെ എവിടെയോ കണ്ടിട്ടുണ്ട് എന്ന് മാത്രമേ പറയാന്‍ പറ്റുള്ളൂ. അന്ന് കലേഷിനെ ജഗദമ്മ സിനിമയുടെ സമയത്ത് കണ്ടപ്പോള്‍ ‘നിന്നെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്’ എന്ന് ഞാന്‍ കലേഷിനോട് പറഞ്ഞിരുന്നു.
മൈ ഡിയര്‍ മമ്മി സിനിമയുടെ സമയത്ത് ഞാന്‍ അവനെ കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ കൃത്യമായി എവിടെയാണ് കണ്ടതെന്ന് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല. അത് ശരിക്കും നമ്മള്‍ക്ക് പറ്റുന്നതാണ്. പക്ഷെ അവന്റെ മുഖം ഞാന്‍ ഓര്‍ത്തിരുന്നു.
കാരണം ആള്‍കൂട്ടത്തില്‍ നമുക്ക് ഓര്‍ക്കാന്‍ പറ്റുന്ന പൂര്‍ണ ചന്ദ്രന്റെ മുഖം പോലെയുള്ള മുഖമാണ് അവന്. ഏത് ആള്‍കൂട്ടത്തില്‍ നിന്നാലും പെട്ടെന്ന് ഓര്‍ക്കാന്‍ പറ്റുന്ന മുഖമാണ് അവന്റേത്.
കലേഷിന്റെ മുഖം തീരെ ചെറുപ്പത്തിലേ തന്നെ ഫിക്സ്ഡാണ്. പിന്നെ മുഖഛായ മാറിയിട്ടില്ല. അതുകൊണ്ട് ഏത് ആള്‍ക്കൂട്ടത്തില്‍ കണ്ടാലും വ്യത്യസ്തമായ ആ മുഖം തിരിച്ചറിയാന്‍ പറ്റും,’ ഉര്‍വശി പറയുന്നു.
എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്:
ഉര്‍വശിക്കും കലേഷ് രാമാനന്ദിനും പുറമെ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, കലാഭവന്‍ പ്രജോദ്, രാജേഷ് ശര്‍മ, കിഷോര്‍, നോബി, വി.കെ. ബൈജു, പി.ആര്‍. പ്രദീപ്, രശ്മി അനില്‍, ശൈലജ അമ്പു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരും സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അവര്‍ക്കൊപ്പം അമ്പതിലധികം പുതുമുഖങ്ങള്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Urvashi Talks About Kalesh Ramanand