| Monday, 10th February 2025, 1:14 pm

വീണ്ടും ഒന്നിച്ച് അഭിനയിച്ചപ്പോള്‍ എനിക്കും ആ നടനും പ്രായമായെന്നോ മക്കള് വലുതായെന്നോ തോന്നിയില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുധ കൊങ്കര, ഗൗതം വാസുദേവ് മേനോന്‍, സുഹാസിനി, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ സംവിധാനം ചെയ്ത അഞ്ച് ഷോര്‍ട്ട് ഫിലിം സെഗ്മെന്റുകള്‍ ഉള്‍ക്കൊള്ളുന്ന തമിഴ് ആന്തോളജി ചിത്രമാണ് പുത്തന്‍ പുതുകാലൈ. കൊവിഡിന്റെ സമയത്ത് ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്.

2020ല്‍ ആയിരുന്നു ആമസോണ്‍ പ്രൈമില്‍ ഈ സിനിമ പുറത്തിറങ്ങിയത്. മാധവന്‍, കാളിദാസ് ജയറാം, ശ്രുതി ഹാസന്‍, കല്യാണി പ്രിയദര്‍ശന്‍, ആന്‍ഡ്രിയ, സുഹാസിനി, അനു ഹാസന്‍, ബോബി സിംഹ, എം.എസ്. ഭാസ്‌കര്‍, ഋതു വര്‍മ തുടങ്ങിയ വന്‍ താരനിരയായിരുന്നു ഈ ആന്തോളജി ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

ഇവര്‍ക്ക് പുറമെ ജയറാം, ഉര്‍വശി എന്നിവരും പുത്തന്‍ പുതുകാലൈയില്‍ അഭിനയിച്ചിരുന്നു. ഇളമൈ ഇതോ ഇതോ എന്ന ഷോര്‍ട്ട് ഫിലിമിലാണ് ഇരുവരും ഒന്നിച്ചത്. ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയറാമിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ഉര്‍വശി.

‘അഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ കൂടി ചേര്‍ന്ന ചിത്രമായിരുന്നു പുത്തന്‍ പുതുകാലൈ. കൊവിഡ് ലോക്ഡൗണ്‍ സമയത്ത് വളരെ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് മാത്രം ചിത്രീകരിച്ച സിനിമയായിരുന്നു അത്. ഇളമൈ ഇതോ ഇതോ എന്ന ഷോര്‍ട്ട് ഫിലിമിലാണ് ഞാനും ജയറാമും ഒന്നിച്ച് അഭിനയിച്ചത്.

മധുചന്ദ്രലേഖ എന്ന ചിത്രത്തിന് ശേഷമാണ് ഞാന്‍ വീണ്ടും ജയറാമിന്റെ നായികയായത്. ശരിക്കും ആ പഴയ ത്രില്‍ അനുഭവിച്ചറിഞ്ഞിരുന്നു. അന്ന് ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് രാത്രി ആയപ്പോഴാണ് ഞങ്ങള്‍ നില്‍ക്കുന്നത് 2020ലാണ് എന്ന തോന്നലുണ്ടായത്. അത്രയ്ക്ക് ജോളി ആയിട്ടായിരുന്നു അന്ന് ചിത്രീകരണം നടന്നത്.

ഞങ്ങള്‍ക്ക് പ്രായമായെന്നോ മക്കള് വലുതായെന്നോ ഒന്നും അപ്പോള്‍ തോന്നിയില്ല. ചെറുപ്പ കാലത്ത് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ആയിരുന്നു അപ്പോള്‍.

കടിഞ്ഞൂല്‍ കല്യാണം, മുഖചിത്രം, മാളൂട്ടി തുടങ്ങിയ എന്റെ ഏറ്റവും മികച്ച ചിത്രങ്ങളെല്ലാം തന്നെ ജയറാമിനൊപ്പം ആയിരുന്നല്ലോ അഭിനയിച്ചത്,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi Talks About Jayaram

We use cookies to give you the best possible experience. Learn more