മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഉര്‍വശി. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ കൂടെയും ജഗദീഷ്, ശ്രീനിവാസന്‍, മനോജ് കെ. ജയന്‍ തുടങ്ങി മലയാളത്തിലെ നിരവധി നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുള്ള നടിയാണ് ഉര്‍വശി.
ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ റൊമാന്റിക് സീനുകളില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നടി. അത്തരം സീനുകളില്‍ അഭിനയിക്കാന്‍ മടിയാണെന്നും നടന്‍ ജയറാം തന്റെ കയ്യില്‍ നിന്നും ഒരുപാട് നുള്ളും മാന്തലും നേരിട്ടിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു.
അന്നൊക്കെ തലകുനിച്ചിട്ട് ഇങ്ങനെ കണ്ണുകള്‍ കൊണ്ട് മുകളിലേക്ക് നോക്കി ചിരിച്ചാല്‍ അതാണ് നാണം എന്നാണ് ഞാന്‍ കരുതിയത്. വലിയ പ്രയാസമായിരുന്നു. ആ സമയത്ത് ഞാന്‍ ജയറാമിനെയൊക്കെ നുള്ളുകയും മാന്തുകയും പിച്ചുകയും ചെയ്തിരുന്നു.
അങ്ങനെ കുറേപേര്‍ക്ക് കിട്ടിയിട്ടുണ്ട് (ചിരി). ജയറാമിന്റെ ആറാം വാരിയിലാണ് പിച്ചുക. എന്റെ അടുത്തേക്ക് വരാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. സംവിധായകനാണെങ്കില്‍ ‘നല്ലോണം കെട്ടിപിടിക്കൂ’വെന്ന് പറയും. ഞാന്‍ അടുത്തേക്ക് നീങ്ങാതെ അങ്ങനെ നില്‍ക്കും.
അപ്പോള്‍ അവര്‍ ‘അങ്ങനെ നില്‍ക്കരുത്. ഭര്‍ത്താവിനോട് സ്‌നേഹമില്ലെന്ന് തോന്നും’ എന്ന് പറയും. അതോടെ ഞാന്‍ കുറച്ച് കൂടി അടുത്തേക്ക് ചെല്ലും. പക്ഷെ കൂടുതല്‍ അടുത്ത് നില്‍ക്കേണ്ടി വന്നാല്‍ നഖം കൊണ്ട് പിച്ചിയെടുക്കും.
ജയറാമൊക്കെ ആ സമയത്ത് ‘സാര്‍ ഈ കുട്ടി എന്നെ കുത്തുന്നു. വലിയ ബുദ്ധിമുട്ടാണ്’ എന്നൊക്കെ വിളിച്ചു പറയും. അവര്‍ക്കൊക്കെ എന്നെ നന്നായി അറിയാം. ‘ഇങ്ങനെ അഭിനയിക്കാന്‍ പറ്റില്ലെന്ന് സംവിധായകനോട് പറഞ്ഞുകൂടെ ഞങ്ങളെ എന്തിനാണ് ഉപദ്രവിക്കുന്നത്’ എന്നാണ് എന്നോട് ചോദിക്കുക (ചിരി),’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About Jayaram