അച്ഛനും ഉമ്മർ അങ്കിളും ചേർന്ന് എന്നെ കുളിപ്പിച്ച് തുടങ്ങും, പക്ഷെ കുറച്ച് കഴിഞ്ഞ് അച്ഛൻ മാറി കളയും: ഉർവശി
Malayalam Cinema
അച്ഛനും ഉമ്മർ അങ്കിളും ചേർന്ന് എന്നെ കുളിപ്പിച്ച് തുടങ്ങും, പക്ഷെ കുറച്ച് കഴിഞ്ഞ് അച്ഛൻ മാറി കളയും: ഉർവശി
നന്ദന എം.സി
Saturday, 18th April 2026, 2:39 pm

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ഉർവശി. നാല് പതിറ്റാണ്ടുകൾ പിന്നിട്ട അഭിനയജീവിതത്തിൽ, മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും തിളങ്ങി, തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഉർവശി. ശക്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് ഇന്നും സിനിമയിൽ സജീവ സാന്നിധ്യമായി തുടരുകയാണ് താരം.

ഉർവശി, Photo: YouTube/ Screengrab

ഇപ്പോഴിതാ, പഴയകാല മലയാള സിനിമകളിലെ അനുഭവങ്ങൾ പങ്കുവെച്ച് വീണ്ടും ശ്രദ്ധനേടുകയാണ്. കതിർ മണ്ഡപം എന്ന ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചുകൊണ്ട്, അതിന്റെ പിന്നാമ്പുറ സംഭവങ്ങളും സഹപ്രവർത്തകരുമായുള്ള അനുഭവങ്ങളും തുറന്നുപറയുകയാണ് ഉർവശി. കെ.പി. പിള്ള സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, മധു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

‘കതിർ മണ്ഡപം സിനിമയുടെ സമയമെല്ലാം ക്യാമറക്ക് ശബ്ദം ഉണ്ടാകും. ആ ശബ്‌ദം കേട്ടാൽ എനിക്ക് മനസിലാകും ഇത് സ്റ്റാർട്ട് ചെയ്തു ഷൂട്ട് തുടങ്ങി എന്ന്. അങ്ങനെ ഞാൻ കരയാൻ തുടങ്ങും. പല സീനും ഉടുപ്പിടാത്ത സീനാണ്. അതിന്റെ ഒരു നാണക്കേടും എനിക്കുണ്ട്. ചെന്ന ഉടനെ എന്നെ ഉടുപ്പിടാതെ ഒരു തോർത്ത് ഉടുപ്പിച്ച് നിർത്തും.

കതിർ മണ്ഡപം, Photo: M3DB

ചിത്രത്തിൽ അച്ഛൻ വളർത്തുന്ന മോളാണ്, ഉമ്മർ അങ്കിൾ ആണ് അച്ഛൻ. എന്നിട്ട് ഉമ്മർ അങ്കിളും അച്ഛനും കൂടി എന്നെ കുളിപ്പിക്കും. കുറച്ച് കഴിഞ്ഞ് അച്ഛൻ മാറി കളയും. എന്നിട്ട് തലയൊക്കെ തോർത്തി തരുക ഉമ്മർ അങ്കിൾ ആണ്.

എന്നിട്ട് അച്ഛനെ നോക്കുമ്പോൾ അച്ഛൻ ദൂരെ നിന്ന് ‘ഞാൻ ഇവടെയുണ്ട് കേട്ടോ’ എന്നൊക്കെ പറയും. എന്നിട്ട് ടേക്ക് എടുത്ത് കഴിയുന്നത് വരെ എന്തേലും പറഞ്ഞ് അവിടെ തന്നെ നിൽക്കും. വല്യ പാട് പെട്ടാണ് എന്നെ കൊണ്ട് അഭിനയിപ്പിച്ചത്. എന്നെ പേടിപ്പിച്ച് നിർത്തിയിരിക്കുകയായിരുന്നു കരയാൻ പാടില്ല എന്ന് പറഞ്ഞ്,’ ഉർവശി പറഞ്ഞു.

80കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ഉർവശി. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപമായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത ഉർവശി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി.

 

Content Highlight: Urvashi talks about her experiences in the film Kathirmandapam

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.