| Monday, 21st April 2025, 5:33 pm

പണ്ടൊക്കെ സിനിമയില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാത്തതിന് കാരണമുണ്ട്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് നടി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

എന്നാല്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ ഉര്‍വശി കഥാപാത്രങ്ങള്‍ക്ക് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാറില്ലായിരുന്നു. ഇപ്പോള്‍ ന്യൂസ് 18 കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ അതിന്റെ കാരണം പറയുകയാണ് നടി. അന്ന് ഡബ്ബ് ചെയ്യാന്‍ ചെന്നൈ വരെ പോകാന്‍ തനിക്ക് സാധിക്കില്ലായിരുന്നു എന്നാണ് ഉര്‍വശി പറയുന്നത്. ഒപ്പം തന്റെ ശബ്ദത്തിന് മെച്യൂരിറ്റി കുറവായിരുന്നുവെന്നും നടി പറയുന്നു.

‘പണ്ടൊക്കെ സിനിമയുടെ ബേസ് മദ്രാസിലായിരുന്നു. അതേസമയം ഔട്‌ഡോര്‍ ഷൂട്ടിങ് മൊത്തത്തില്‍ കേരളത്തിലായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ മൊത്തം ചെന്നൈയിലും ഷൂട്ടിങ്ങെല്ലാം കേരളത്തിലുമായി.

15ഉം 16ഉം ദിവസമായിരുന്നു ഒരു സിനിമയുടെ ഷൂട്ടിങ് ഉണ്ടാകുക. ഒരു വിധം പ്രാധാന്യമുള്ള റോളാണ് എനിക്കുള്ളതെങ്കില്‍ അതില്‍ അഞ്ചോ ആറോ ദിവസത്തെ വര്‍ക്കാകും എനിക്ക് ഉണ്ടാകുക.

ഒരു സിനിമയുടെ വര്‍ക്ക് കഴിഞ്ഞാല്‍ ഉടനെ എനിക്ക് അടുത്ത സിനിമയുടെ സെറ്റിലേക്ക് പോകാന്‍ ഉണ്ടാകും. അന്നൊക്കെ ഒരു ദിവസം തന്നെ അഞ്ച് സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്തിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്.

ഡബ്ബിങ്ങിന് വേണ്ടി അന്ന് പുരുഷന്മാര്‍ക്ക് പെട്ടെന്ന് ട്രെയ്‌നിലോ ബസിലോ ചാടി കയറി പോകാമായിരുന്നു. ഒരു ദിവസം ഡബ്ബ് ചെയ്ത് പിറ്റേന്ന് രാവിലെ തന്നെ ഇവിടേക്ക് തിരിച്ചുവരാന്‍ സാധിക്കുമായിരുന്നു.

ഞാന്‍ എവിടെയും എന്റെ പരിവാരങ്ങളുടെ കൂടെയാണ് വരുന്നത്. മേക്കപ്പ്മാനും ഹെയര്‍ ഡ്രസറുമൊക്കെയായി എന്റെ കൂടെ കുറേയാളുകള്‍ ഉണ്ടാകും. ഞാന്‍ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെയല്ലേ വന്നത്.

ഈ സ്റ്റാഫുകള്‍ ഇല്ലാതെ എനിക്ക് ഒറ്റക്ക് യാത്ര ചെയ്യാനാവില്ല. അവസാന നിമിഷമാണ് ഞാന്‍ ടിക്കറ്റുകള്‍ എടുക്കുക. പലപ്പോഴും ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്തത്. യാത്രയുടെ പ്രശ്‌നം എനിക്ക് ഉണ്ടായിരുന്നു.

പിന്നെ ഒരു സ്‌കൂള്‍ കുട്ടിയുടെ ശബ്ദത്തിന്റെ മെച്യൂരിറ്റി മാത്രമേ എന്റെ ശബ്ദത്തിന് ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു പ്രധാന കാരണം. നായിക ഗൗരവത്തില്‍ സംസാരിക്കേണ്ട ഡയലോഗ് വരുമ്പോള്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് എന്നോട് പറയാറുള്ളത് ‘അയ്യോ ഉര്‍വശി, തീരെ ചെറിയ ശബ്ദമാണല്ലോ’ എന്നായിരുന്നു. അങ്ങനെ പറഞ്ഞ് എന്നെ മാറ്റുമായിരുന്നു,’ ഉര്‍വശി പറയുന്നു.


Content Highlight: Urvashi Talks About Dubbing In Her Cinema

We use cookies to give you the best possible experience. Learn more