| Friday, 9th May 2025, 3:38 pm

ഞാന്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന് അദ്ദേഹം വാശി പിടിച്ചു; മറ്റാരെയും സമ്മതിച്ചില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് അവര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് ഉര്‍വശി ശബ്ദം നല്‍കിയിരുന്നില്ല. പകരം മറ്റുള്ളവരെ കൊണ്ട് ഡബ്ബിങ് ചെയ്യിക്കുകയായിരുന്നു. ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ സ്വയം ഡബ്ബ് ചെയ്യാന്‍ തുടങ്ങിയ സാഹചര്യത്തെ കുറിച്ച് പറയുകയാണ് ഉര്‍വശി.

‘ഭാഗ്യലക്ഷ്മി ചേച്ചിയാണ് ഡെപ്ത്തുള്ള കഥാപാത്രങ്ങള്‍ വന്നതിന് ശേഷം എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. ചേച്ചിയാണ് ആ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതാക്കുന്നത്. ചേച്ചി വളരെ സൂക്ഷ്മതയോടെ ചെയ്തത് കൊണ്ടാണ് ആ റോളുകള്‍ നന്നായത്.

പിന്നീട് സ്വയം ഡബ്ബ് ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് വന്നത് എപ്പോഴാണെന്ന് ചോദിച്ചാല്‍, മൈക്കിള്‍ മദന കാമ രാജന്‍ എന്ന സിനിമയ്ക്കും മുമ്പേ തന്നെ ഞാന്‍ തമിഴില്‍ ഡബ്ബ് ചെയ്ത് തുടങ്ങിയിരുന്നു. ആ സിനിമ വന്നപ്പോള്‍ സംവിധായകനായ സിംഗീതം ശ്രീനിവാസ റാവു സാര്‍ മറ്റാരെ കൊണ്ടും ഡബ്ബ് ചെയ്യാന്‍ സമ്മതിച്ചില്ല.

അന്ന് ഞാന്‍ മലയാളത്തില്‍ ഒരുപാട് പടങ്ങള്‍ ചെയ്യുന്ന സമയമായിരുന്നു. ‘സാര്‍ നിങ്ങള്‍ ആരെയെങ്കിലും വെച്ച് ഡബ്ബ് ചെയ്യൂ’വെന്ന് ഞാന്‍ പറഞ്ഞു നോക്കിയിരുന്നു. എന്നാല്‍ ‘അങ്ങനെ ചെയ്യാനേ പറ്റില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘നിങ്ങള്‍ തന്നെ വരണം. നിങ്ങള്‍ തന്നെ ഡബ്ബ് ചെയ്യണം’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് അതൊരു നിര്‍ബന്ധമായത്. അതുവരെ ദൂരദര്‍ശന്‍ മാത്രമായിരുന്നല്ലോ ഉണ്ടായിരുന്നത്. പിന്നീട് സാറ്റ്‌ലൈറ്റ് ചാനലുകള്‍ വന്നു. അതോട് ചാനലുകളില്‍ അഭിമുഖങ്ങള്‍ വരാന്‍ തുടങ്ങി.

അങ്ങനെ ആളുകള്‍ എന്റെ ശബ്ദം തിരിച്ചറിയാന്‍ തുടങ്ങി. അവര്‍ പിന്നീട് വേറെ ശബ്ദം അംഗീകരിക്കാത്ത അവസ്ഥയായി. ‘അയ്യോ അത് ഉര്‍വശിയല്ലല്ലോ’ എന്ന് ചോദിക്കാന്‍ തുടങ്ങി. അത് പടത്തെയും ബാധിക്കും. അങ്ങനെയാണ് ഞാന്‍ ഡബ്ബിങ്ങിലേക്ക് ഇറങ്ങുന്നത്,’ ഉര്‍വശി പറയുന്നു.


Content Highlight: Urvashi Talks About Dubbing

We use cookies to give you the best possible experience. Learn more