തന്റെ മികച്ച അഭിനയത്തിലൂടെ മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് അവര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ താന്‍ മുമ്പ് പരസ്യചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി. തന്റെ വരാനിരിക്കുന്ന എല്‍. ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
കോഫിയുടെ പരസ്യമായിരുന്നു ചെയ്യാന്‍ ഉണ്ടായിരുന്നത്. അതിന്റെ കൂടെ തന്നെ കോഫിയുടെ ചോക്ലേറ്റും ഉണ്ടായിരുന്നു. ടേക്കിന്റെ സമയത്ത് അവര്‍ കയ്യില്‍ ഒരു ചൂട് കാപ്പിയുടെ കപ്പ് തന്നു. തമിഴിലായിരുന്നു പരസ്യം.
ഈ കപ്പിലെ കോഫി മണത്ത് നോക്കിയിട്ട് ‘ആഹ്, എന്ത് മണം. എന്ത് രുചി’ എന്നായിരുന്നു പറയേണ്ടിയിരുന്നത്. ടേക്കിന് മുമ്പ് ചൂട് പോകേണ്ട എന്ന് പറഞ്ഞിട്ട് ഞാന്‍ കപ്പിന് മുകളില്‍ കൈ വെച്ചാണ് നിന്നത്.
ആ സമയത്ത് എന്റെ ചുറ്റും നിന്ന എല്ലാ അസിസ്റ്റന്റ് ഡയറക്ടേഴ്‌സും കയ്യില്‍ മൂന്നുംനാലും സിഗരറ്റ് പിടിച്ചാണ് നില്‍ക്കുന്നത്. ഗ്രാഫിക്‌സ് ഒന്നുമില്ലാത്ത സമയമാണല്ലോ അത്. ടേക്കിന് തൊട്ടുമുമ്പ് അവര്‍ സിഗരറ്റ് വലിച്ചിട്ട് കപ്പിലേക്ക് പുക ഊതി അടച്ചു വെച്ചു.
യഥാര്‍ത്ഥത്തില്‍ നടന്ന കാര്യമാണ് ഞാന്‍ പറയുന്നത്. ആക്ഷന്‍, ടേക്ക് പറഞ്ഞതും ഞാന്‍ ഈ കപ്പ് തുറന്നു. ആ സമയത്ത് ‘ആഹ്, എന്ത് മണം. എന്ത് രുചി’യെന്ന് പറയാന്‍ പറ്റുമോ?.
‘അയ്യയ്യേ. എന്നെ കൊണ്ട് പറ്റില്ല. എല്ലാവരും കൂടെ സിഗരറ്റ് വലിച്ച് പുക ആക്കി വെച്ചാല്‍ എനിക്ക് ഇത് പറ്റില്ല’ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ആ പരസ്യം ഞാന്‍ പിന്നെ എങ്ങനെയൊക്കെയോ എടുത്തു,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi Talks About Ad Shooting