വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം. ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഉള്ളൊഴുക്ക് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.
താന്‍ ഉള്ളൊഴുക്ക് എന്ന സിനിമ കണ്ടിട്ടില്ലെന്നും തന്റെ അമ്മയും സഹോദരിയുമൊന്നും ആ സിനിമ കണ്ടിട്ടില്ലെന്നും ഉര്‍വശി പറയുന്നു.
താന്‍ ആ സിനിമ ചെയ്യുമ്പോള്‍ ഒരുപാട് ഫീല്‍ ചെയ്താണ് അഭിനയിച്ചതെന്നും പിന്നീട് അതുകാണാന്‍ തനിക്ക് സങ്കടമാണെന്നും അവര്‍ പറഞ്ഞു. കരയില്ലെന്നാണ് സംവിധായകനായ ക്രിസ്റ്റോ ടോമിയോട് പറഞ്ഞിരുന്നെന്നും എന്നാല്‍ തനിക്ക് എങ്ങനെയാണോ അഭിനയിക്കാന്‍ തോന്നുന്നത് അതുപോലെ ചെയ്യൂ എന്നാണ് സംവിധായകന്‍ പറഞ്ഞതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കൈരളിയോട് സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ കണ്ടിട്ടില്ല ആ സിനിമ. അത് ഡബ്ബിങ് ഇല്ലല്ലോ ലൈവ് അല്ലായിരുന്നോ? എന്റെ അമ്മ കണ്ടിട്ടില്ല, കല ചേച്ചി കണ്ടിട്ടില്ല, എന്റെ വീട്ടില്‍ ആരും കാണില്ല അത് കരച്ചില്‍ പടമാണെന്ന് പറഞ്ഞിട്ട്. ഞാന്‍ കാണാത്തതിന്റെ കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍, ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കുന്ന ആളല്ല. അപ്പോള്‍ ഞാന്‍ സ്‌പോട്ടില്‍ ഭയങ്കര ഫീല്‍ ചെയ്താണ് അഭിനയിച്ചത്. അത് കാണാന്‍ എനിക്ക് സങ്കടമാണ്. 40 ദിവസം അഭിനയിച്ചത് ഓര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമാണ്.
സിനിമ ഏറ്റവും ഇഷ്ടപ്പെട്ടിട്ട് അത് കാണേണ്ടെന്ന് വെക്കുമ്പോള്‍ ആലോചിച്ച് നോക്കൂ. കാരണം എനിക്ക് വയ്യ ഈ ഭാരം ചുമക്കാന്‍ എന്നുള്ളത് കൊണ്ടാണ്. എന്നിട്ട് ഞാന്‍ പറഞ്ഞു ‘ഞാന്‍ കരയില്ല, അങ്ങനെ ആണെന്നുണ്ടെങ്കില്‍ ഈ സിനിമ ചെയ്യാം’ എന്ന്.
‘ചേച്ചി കരയേണ്ട. ചേച്ചിക്ക് എങ്ങനെ ചെയ്യണമെന്ന് തോന്നുന്നോ അതുപോലെ ചെയ്യു’ എന്ന് ,സംവിധായകന്‍ പറഞ്ഞു. ഈ കരയാതെ കരയുക എന്നുപറയുന്നത് ബുദ്ധിമുട്ടാണ്,’ ഉർവശി പറയുന്നു.
Content Highlight: Urvashi talking about Ullozhukk Movie