| Tuesday, 13th May 2025, 1:22 pm

സൂരറൈ പോട്രിലെ ആ തിരുത്തുകൾക്ക് ഈഗോ ഒട്ടുമില്ലാതെ സുധ കൂടെ നിന്നു, ഡയറക്ടര്‍ നമുക്ക് തരുന്ന സ്‌നേഹമാണത്: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂര്യയും അപർണ ബാലമുരളിയും ഉർവശിയും തകർത്ത് അഭിനയിച്ച സിനിമയായിരുന്നു സൂരറൈ പോട്ര്. എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.

സുധ കൊങ്കാരയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ അഭിനയത്തിൽ മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാർഡിന് അപർണ അർഹയായി . ഇപ്പോൾ ചിത്രത്തിൽ കുറച്ച് തിരുത്തുകൾ ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.

സൂരറൈ പോട്രിന്റെ തിരക്കഥ തന്റെ കയ്യിലുണ്ടായിരുന്നുവെന്നും സുധ തന്റെ നല്ല കൂട്ടുകാരിയാണെന്നും ഉര്‍വശി പറയുന്നു.

സൂരറൈ പോട്ര് ഡോക്യുമെന്ററി സിനിമ പോലെയാകാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും വിമാനത്തിന്റെ കാര്യം മാത്രം കാണിച്ചുകൊണ്ടിരുന്നാല്‍ തമിഴ്‌നാട്ടിലെ നാട്ടിന്‍പുറത്തുള്ള ആളുകള്‍ക്ക് ബോറടിക്കുമെന്നും ഉര്‍വശി അഭിപ്രായപ്പെട്ടു.

മൂന്ന് നേരം വയറ് നിറച്ച് ഉണ്ണാനില്ലാത്തവന് വിമാനത്തിനെക്കുറിച്ച് അറിഞ്ഞിട്ട് എന്താ ആവശ്യമെന്ന് ചിന്തിക്കാന്‍ ഇട വരരുതെന്നും ആ ഡോക്യുമെന്ററി സ്വഭാവം വരാതിരിക്കാന്‍ തങ്ങള്‍ ഒരുപാട് ഡിസ്‌കസ് ചെയ്തുവെന്നും ഉര്‍വശി പറഞ്ഞു.

അതുകൊണ്ടാണ് ആക്ഷന്‍ അവിടെയും റിയാക്ഷന്‍ വില്ലേജിലുമാക്കിയതെന്നും ആ തിരുത്തിന് ഈഗോ ഒട്ടുമില്ലാതെ സുധ കൊങ്കാര കൂടെ നിന്നുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘കുറെ മുമ്പ് തന്നെ ആ സിനിമയുടെ തിരക്കഥ റെഡിയാക്കി എന്റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു അത്. സുധ എന്റെ നല്ല ഫ്രണ്ട് ആണ്. ആദ്യ സിനിമ മുതല്‍ നല്ല ഫ്രണ്ടാണ് സുധ. അതൊരു ഡോക്യുമെന്ററി സിനിമ പോലെയാകാന്‍ സാധ്യതയുണ്ടായിരുന്നു. കാരണം വിമാനത്തിന്റെ കാര്യം മാത്രം കാണിച്ചുകൊണ്ടിരുന്നാല്‍ തമിഴ്‌നാട്ടിലെ നാട്ടിന്‍പുറത്തുള്ള ആളുകള്‍ക്ക് ബോറടിക്കും.

മൂന്ന് നേരം വയറ് നിറച്ച് ഉണ്ണാനില്ലാത്തവന് വിമാനത്തിനെക്കുറിച്ച് അറിഞ്ഞിട്ട് എന്താ ആവശ്യം. അതായിരം രൂപക്ക് കിട്ടിക്കോട്ടേ, അഞ്ഞൂറ് രൂപക്ക് കിട്ടിക്കോട്ടേ. എനിക്ക് എന്റെ കുഞ്ഞുങ്ങള്‍ക്കും എനിക്കും ഭക്ഷണം കിട്ടിയാല്‍ മതി എന്ന് ചിന്തിക്കാന്‍ ഇട വരരുതെന്ന് കരുതി ആ ഡോക്യുമെന്ററി സ്വഭാവം വരാതിരിക്കാന്‍ ഞങ്ങള്‍ ഒരുപാട് ഡിസ്‌കസ് ചെയ്തു.

അതുകൊണ്ടാണ് ആക്ഷന്‍ അവിടെയും റിയാക്ഷന്‍ വില്ലേജിലുമാക്കിയത്. ആ ശ്രമത്തിന് ഒട്ടും ഈഗോ ഇല്ലാതെ അവള്‍ കൂടെ നിന്നു എന്നുള്ളതാണ്. കാരണം ആ സ്‌ക്രിപ്റ്റിനോട് നമുക്കുള്ള ഒരു സ്‌നേഹവും ആ ഡയറക്ടര്‍ നമുക്ക് തരുന്ന സ്‌നേഹം കൂടിയാണ്,’ ഉർവശി പറയുന്നു.

Content Highlight: Urvashi Talking about Soorarai Pottru and Sudha Kongara

We use cookies to give you the best possible experience. Learn more