മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ താരജോഡികളിലൊരാളാണ് മമ്മൂട്ടിയും ഉർവശിയും. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഇരുവരും ഓഫ് സ്ക്രീനിലും വളരെ ആത്മബന്ധം സൂക്ഷിക്കുന്നവരാണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ഉർവശി പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി, ഉർവശി, Photo: YouTube/ Screengarab
മമ്മൂട്ടി സഹപ്രവർത്തകരുടെ കാര്യത്തിൽ ഏറെ കരുതലുള്ള ആളാണെന്നാണ് ഉർവശി പറയുന്നത്. ആരോഗ്യ കാര്യങ്ങളിൽ പോലും അദ്ദേഹം ഏറെ ശ്രദ്ധ പുലർത്താറുണ്ടെന്നും, തനിക്കു പലപ്പോഴും ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു.
‘എന്താണ് ഇങ്ങനെ ഇരിക്കുന്നത്, ഭക്ഷണം കഴിക്കാറില്ലേ?’ എന്നൊക്കെയായിരുന്നു മമ്മൂട്ടിയുടെ സ്ഥിരം ചോദ്യങ്ങളെന്ന് ഉർവശി പറയുന്നു.
കോവിഡ് സമയത്ത് പുറത്തിറങ്ങിയ തമിഴ് ചിത്രം മൂക്കുത്തി അമ്മൻ കണ്ട ശേഷവും മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഉർവശി ഓർമിച്ചു. ആരോഗ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്ക അന്നും പ്രകടമായിരുന്നുവെന്നാണ് താരം പറയുന്നത്.
‘നിന്നെക്കാൾ പ്രായമുള്ളവർ വരെ ആരോഗ്യം ശ്രദ്ധിച്ച് ഫിറ്റായി ഇരിക്കുമ്പോൾ നീ എന്തുകൊണ്ടാണ് എക്സസൈസ് പോലും ചെയ്യാതെ ആരോഗ്യത്തെ അവഗണിക്കുന്നത്?” എന്ന് അദ്ദേഹം ചോദിച്ചുവെന്നും ഉർവശി പറഞ്ഞു.
മമ്മൂട്ടിക്ക് സഹപ്രവർത്തകരോടുള്ള ആ കരുതലും സ്നേഹവുമാണ് തനിക്ക് ഏറെ സ്പെഷ്യലായി തോന്നിയതെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ അഭിനയജീവിതത്തിൽ നിർണായകമായ മറ്റൊരു മാറ്റത്തിനും മമ്മൂട്ടിയാണ് കാരണമായതെന്ന് ഉർവശി പറയുന്നു. സിനിമകളിൽ സ്വന്തം കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യാൻ തനിക്ക് ആത്മവിശ്വാസം നൽകിയതും പ്രോത്സാഹിപ്പിച്ചതും മമ്മൂട്ടിയാണെന്നാണ് താരം പറഞ്ഞു.
അന്നത്തെ കാലത്ത് കേരളത്തിലായിരുന്നു ഷൂട്ടിങ്ങുകൾ നടന്നിരുന്നത്, എന്നാൽ ഡബ്ബിങ് ചെന്നൈയിലായിരുന്നു. സ്ത്രീകൾക്ക് യാത്രയും താമസവും ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന സമയമായതിനാൽ പല നടിമാരും ഡബ്ബിങിൽ നിന്നും വിട്ടുനിന്നിരുന്നുവെന്ന് ഉർവശി പറയുന്നു.
എന്നാൽ, നിരവധി ഭാഷകൾ നന്നായി സംസാരിക്കാൻ കഴിയുന്ന ഒരാളായിട്ടും എന്തുകൊണ്ടാണ് സ്വന്തം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകാത്തതെന്ന് മമ്മൂട്ടി ചോദിക്കാറുണ്ടായിരുന്നുവെന്ന് ഉർവശി പറഞ്ഞു. ‘അപ്പോഴാണ് അഭിനയത്തിന് പൂർണത ലഭിക്കുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്നും താരം കൂട്ടിച്ചേർത്തു.
1984ൽ പുറത്തിറങ്ങിയ എതിർപ്പുകൾ ആയിരുന്നു ഉർവശിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് 1985 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായി ഉർവശി മാറി. ഇന്നും പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്ന താരമാണ് അവർ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.