| Monday, 2nd March 2026, 10:12 am

എനിക്ക് ദോശ വാങ്ങാനെന്ന വ്യാജേന മുങ്ങിയ നായകൻ; അങ്ങനെ ആ പടവും നിന്നുപോയി: ഉർവശി

നന്ദന എം.സി

എക്കാലത്തും ഓർത്തുവെക്കാൻ ഒരു പിടി കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ നടിയാണ് ഉർവശി. അഭിനയം എന്ന മോഹത്തോടെ സിനിമയിൽ എത്തിപ്പെട്ടതല്ലെങ്കിലും ഇന്നും മലയാള സിനിമയിൽ തന്റെ സാന്നിധ്യം ശക്തമായി അറിയിക്കുന്ന താരമാണ് അവർ.

ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഉർവശി 1984ൽ മമ്മൂട്ടി നായകനായ ‘എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. 1985 മുതൽ 1995 വരെ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഉർവശി. 1983ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മുന്താണൈ മുടിച്ച്’ വഴിയാണ് അഭിനയ രംഗത്തേക്ക് കടന്നത്.

രതീഷ് , Photo: IMDb

ഇപ്പോളിതാ നടൻ രതീഷിനെ കുറിച്ചുള്ള രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് താരം. ഒർജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഈ അനുഭവം പങ്കുവെച്ചത്.

‘രതീഷേട്ടൻ ആയിരുന്നു ഒരു പടത്തിൽ നായകൻ. എനിക്ക് രാവിലെ തന്ന ദോശ ഉണങ്ങി പോയെന്നും പറഞ്ഞ് രതീഷേട്ടൻ ആ സിനിമ വിട്ട് പോയി. നിങ്ങൾ ഒന്ന് നോക്കൂ, ഒരു ഹീറോ സിനിമ വിട്ട് പോകാൻ ഉണ്ടായ റീസൺ ആണത്.

രതീഷേട്ടന്റെ കാര്യങ്ങൾ കേട്ടാൽ ചിരിച്ച്മണ്ണ് കപ്പും. ആ സമയമെല്ലാം രതീഷേട്ടൻ ഒരേ സമയം നിരവധി സിനിമകൾ കമ്മിറ്റ് ചെയ്യും. അതിനാൽ തന്നെ എന്തെങ്കിലും കാരണത്തിന് കാത്തിരിക്കുകയാണ് ഈ സെറ്റ് വിട്ട് പോകാനും സിനിമ ഒഴിവാക്കാനും.

അഗ്നിമുഹൂർത്തം, Photo: YouTube/ Screengrab

അങ്ങനെ ഒരു ദിവസം എന്നോട് ചോദിച്ചു, ‘എന്താ മോളെ കഴിക്കാനെന്ന്’ ഞാൻ പറഞ്ഞു, ഇത് നോക്ക് ചേട്ടാ, വെളുപ്പിന് ഇവർ വാങ്ങികൊണ്ടുവന്ന ദോശയാണ്.

രാവിലെ ഏഴ് മണിക്ക് ഒരു സീൻ അഭിനയിച്ച് വന്ന് നോക്കിയപ്പോൾ ഇതാ ഉണങ്ങി കിടക്കുന്നു. സാമ്പാർ ഒഴിച്ച് കുതിർത്തെങ്കിലും തിന്നാൻ കഴിയുന്നില്ല. അയ്യോ കൊച്ചിന് ഇതാണോ കഴിക്കാൻ തന്നത്, ചേട്ടൻ വാങ്ങിക്കൊണ്ടുവരാം മോളെ എന്ന് പറഞ്ഞ് അദ്ദേഹം വണ്ടിയെടുത്ത് പോയി.

ഞാൻ അവിടെ തന്നെയിരുന്നു, ചേട്ടൻ വാങ്ങിക്കൊണ്ടുവരട്ടെ, കഴിച്ചിട്ട് പോകാം എന്നും പറഞ്ഞ്. അതിനിടെ സംവിധായകൻ സാജൻ വന്ന്, മോളെ വരൂ, രതീഷ് എവിടെ എന്ന് ചോദിച്ചു. എനിക്ക് ദോശ വാങ്ങാനാണ് പോയെന്ന് പറഞ്ഞതും ‘എന്ത്… ദോശ വാങ്ങാനോ? ഇവിടെ എവിടെ കട? ആർക്കാണ് ദോശ? എന്നൊക്കെ ചോദിച്ചു.

എനിക്ക് തന്ന ദോശ ഉണങ്ങി പോയി പുതിയ ദോശ വാങ്ങാൻ പോയതാണെന്ന് പറയലും ‘ദോശ ഉണങ്ങി പോയതുകൊണ്ട് ദോശ വാങ്ങാൻ നടൻ പോയിരിക്കുന്നോ എന്നും ചോദിച്ച് അവിടെ മുഴുവൻ ബഹളം ഉണ്ടക്കി.അങ്ങനെ നടൻ ഇല്ലാത്തതിനാൽ ആ പടവും നിന്നുപോയി,’ ഉർവശി പറഞ്ഞു. ദോശ വാങ്ങാൻ പോകാൻ പറഞ്ഞതിന് തനിക്ക് ആ സിനിമയുടെ പാക്ക് അപ്പ് ദിവസം വരെ വഴക്കുകേട്ടെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Urvashi talk about Actor Ratheesh

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more