40 വര്‍ഷത്തിലധികമായി ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഉര്‍വശി. അന്യഭാഷകളിലും ശ്രദ്ധേയയായ ഉര്‍വശി മലയാളത്തില്‍ നിന്ന് ആറ് സംസ്ഥാന അവാര്‍ഡുകളും ദേശീയതലത്തില്‍ രണ്ട് അവാര്‍ഡുകളും തന്റെ പേരിലാക്കിയിട്ടുണ്ട്. തന്റെ കരിയറില്‍ ഐ.വി.ശശി, ഭരതന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി മികച്ച സംവിധായകരുടെ സിനിമയില്‍ ഭാഗമാകാന്‍ ഉര്‍വശിക്ക് കഴിഞ്ഞിട്ടുണ്ട്.
മീരാ ജാസ്മിന്‍ ഉള്‍പ്പടെയുള്ള യുവനടികളുടെ കൂടെ താരം സ്‌ക്രീന്‍ പങ്കിട്ടിട്ടുമുണ്ട്. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പുതിയതലമുറയിലെ തനിക്ക് ഇഷ്ടപ്പെട്ട നായികമാരെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. നസ്രിയയെ തനിക്ക് വലിയ ഇഷ്ടമാണെന്നും അവര്‍ ഇവിടെ തുടര്‍ന്നാല്‍ ഗംഭീര ആക്ട്രസ് ആകുമായിരുന്നുവന്നെും ഉര്‍വശി പറഞ്ഞു.
‘മീര ജാസ്മിനും നവ്യയുമൊക്കെ നല്ല പെര്‍ഫോമേഴ്‌സ് തന്നെയാണ് പക്ഷേ, നസ്രിയ ഇവിടെ നിന്നിരുന്നെങ്കില്‍ ഉഗ്രന്‍ ആക്ടറായി മാറിയേനെ. ഒരുപോലെ മോഡേണും നാടനും സ്മാര്‍ട് ക്യാരക്ടേഴ്‌സും ചെയ്യാന്‍ കഴിവുള്ള നടിയാണ്. അത്തരത്തില്‍ സ്മാര്‍ട് ഹീറോയിനായിട്ട് നില്‍ക്കാന്‍ പറ്റുമായിരുന്നു.
നസ്രിയയുടെ ഓം ശാന്തി ഓശാന ആയാലും ബാഗ്ലൂര്‍ ഡേയ്‌സ് ആണെങ്കിലും ആ കുട്ടിയെ കണ്ടിരിക്കാന്‍ നമുക്ക് നല്ല ഇഷ്ടമാണ്. അങ്ങനെയുള്ളൊരു ഭാഗ്യം ആ കുട്ടിക്ക് ഉണ്ട്. ഇപ്പോള്‍ സിനിമയില്‍ അങ്ങനെ സജീവമാകാതെ വന്നപ്പോള്‍ ചെറിയ വിഷമം തോന്നി,’ ഉര്‍വശി പറയുന്നു.
പുതിയ ജനറേഷനില്‍ ഒരുപാട് നല്ല അഭിനേതാക്കളുണ്ടെന്നും ഫഹദിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും ഉര്‍വശി പറഞ്ഞു. ബേസില്‍ ജോസഫ് ബ്രില്ല്യന്റ് ആക്ടറാണെന്നും കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനും സെയ്ഫായി നില്‍ക്കാനും ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും അതിനുള്ള ഭാഗ്യമുണ്ടാകില്ലെന്നും നടി പറഞ്ഞു.