| Wednesday, 21st May 2025, 11:05 am

ആ നടന്റെ റിഹേഴ്‌സല്‍ കണ്ട് ചിരി വന്നു, എന്തോന്നാ ഇങ്ങനെ പ്രാന്ത് കാണിക്കുന്നതെന്ന് പുള്ളിയോട് ചോദിച്ചു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തമിഴിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ രഘുവരനെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. വ്യൂഹം എന്ന സിനിമയില്‍ താന്‍ രഘുവരനൊപ്പം അഭിനയിച്ചിട്ടുണ്ടായിരുന്നെന്ന് ഉര്‍വശി പറഞ്ഞു. ഓരോ സീനിന് മുമ്പും സ്വയം തയറാകാന്‍ വേണ്ടി രഘുവരന്‍ ഒറ്റക്ക് റിഹേഴ്‌സല്‍ ചെയ്യുമായിരുന്നെന്നും ആ സിനിമയില്‍ തന്റെ മുന്നില്‍ വെച്ച് റിഹേഴ്‌സല്‍ ചെയ്തിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് അത് കണ്ട് ചിരി വന്നെന്നും താന്‍ ചിരിക്കുന്നത് രഘുവരന്‍ തന്നോട് ദേഷ്യപ്പെട്ടെന്നും ഉര്‍വശി പറയുന്നു. തന്നോട് ആ റൂമില്‍ നിന്ന് മാറിയിരിക്കാന്‍ രഘുവരന്‍ ആവശ്യപ്പെട്ടെന്നും താന്‍ അവിടെ തന്നെയിരുന്നെന്നും അവര്‍ പറഞ്ഞു. തന്റെയൊപ്പം പാര്‍വതിയും ആ റൂമില്‍ ഉണ്ടായിരുന്നെന്നും തന്റെ ഗോഷ്ഠികള്‍ കണ്ട് പാര്‍വതി ചിരിച്ചെന്നും ഉര്‍വശി പറഞ്ഞു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘യോദ്ധക്ക് മുമ്പ് ഞാന്‍ സംഗീത് ശിവന്റെ കൂടെ ഒരു പടം ചെയ്തിട്ടുണ്ട്. വ്യൂഹം. രഘുവരനായിരുന്നു ആ പടത്തിലെ നായകന്‍. എല്ലാ സീനിന് മുമ്പും ഒറ്റക്ക് റിഹേഴ്‌സല്‍ ചെയ്യുന്ന സ്വഭാവം രഘുവരനുണ്ട്. ഞാനും പാര്‍വതിയും രഘുവരനും ഒരു മുറിയിലായിരുന്നു ഇരുന്നത്. ഈ പുള്ളി കണ്ണാടിയില്‍ നോക്കി ഓരോന്ന് കാണിക്കുന്നത് കണ്ടിട്ട് എനിക്ക് ചിരിവന്നു.

‘എന്തിനാ ചിരിക്കുന്നത്’ എന്ന് രഘുവരന്‍ ചോദിച്ചു. ‘ഇങ്ങനെ ഓരോ പ്രാന്ത് കാണിക്കുന്നത് കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും’ എന്ന് തിരിച്ചു ചോദിച്ചു. ‘ഞാന്‍ റിഹേഴ്‌സല്‍ ചെയ്യുകയാണ്. കാണാന്‍ പറ്റില്ലെങ്കില്‍ ഉര്‍വശി അപ്പുറത്തെ റൂമിലേക്ക് പൊയ്‌ക്കോ’ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇവിടെ തന്നെ ഇരിക്കാന്‍ പോവുകയാ എന്ന് പറഞ്ഞ് അവിടെത്തന്നെയിരുന്നു.

പുള്ളി വീണ്ടും കണ്ണാടി നോക്കി റിഹേഴ്‌സല്‍ ചെയ്തു. ഞാന്‍ പരമാവധി ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, എന്റെ ചില ഗോഷ്ഠികള്‍ കണ്ട് പാര്‍വതിക്ക് ചിരി വന്നു. ‘ചേച്ചി. ഒന്ന് വെറുതേയിരിക്ക്’ എന്ന് എന്നോട് അവള്‍ പറഞ്ഞു. പക്ഷേ, ചില സമയത്ത് ചിരി അടക്കാന്‍ പറ്റാത്ത അവസ്ഥയായി. പാര്‍വതിയും അത് കണ്ട് ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi shares the shooting experience with Raghuvaran in Vyooham movie

Latest Stories

We use cookies to give you the best possible experience. Learn more