നാലരപതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ് ഉര്‍വശി. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ ഉര്‍വശി 13ാം വയസിലാണ് നായികയായി അരങ്ങേറിയത്. തമിഴ് സിനിമയിലൂടെ നായികയായി തിളങ്ങിയ ഉര്‍വശി മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയതുള്‍പ്പെടെ നിരവധി അവാര്‍ഡുകളും താരത്തെ തേടിയെത്തി.
കോമഡി റോളുകളും ഇമോഷണല്‍ റോളുകളും ഒരുപോലെ വഴങ്ങുമെന്നതാണ് ഉര്‍വശിയുടെ ഏറ്റവും വലിയ പ്രത്യേകത. കാലങ്ങളെത്ര കഴിഞ്ഞാലും തന്നിലെ പെര്‍ഫോമര്‍ ഒരിക്കലും ഡൗണായിട്ടില്ലെന്ന് തെളിയിക്കുകയാണ് താരം. 20 വര്‍ഷത്തിന് ശേഷം ജയറാമും ഉര്‍വശിയും ഒന്നിക്കുന്ന പരിമള ആന്‍ഡ് കോ റിലീസിന് തയാറെടുക്കുകയാണ്.
ഉര്‍വശി Photo: Screen grab/ Sudhir Srirnivasan
അടുത്തിടെ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഉര്‍വശി ഞെട്ടിച്ച ചിത്രമായിരുന്നു സൂരറൈ പോട്ര്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ദേശീയ അവാര്‍ഡ് പ്രഖ്യാപന സമയത്ത് അവസാന റൗണ്ട് വരെ ഉര്‍വശിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ചിത്രത്തെക്കുറിച്ചും സുധാ കൊങ്കരയുടെ സംവിധാനത്തെക്കുറിച്ചും സംസാരിക്കുകയാണ് ഉര്‍വശി.
‘സുധ മാത്രമല്ല, ഒരുപാട് സ്ത്രീ സംവിധായകരുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പല സംവിധായികമാരുടെയും ആദ്യ സിനിമയില്‍ ഞാനുമുണ്ടായിരുന്നു. അഞ്ജലി മേനോനൊക്കെ അത്തരത്തിലുള്ള സംവിധായകരാണ്. സുധയുമായി വര്‍ക്ക് ചെയ്തത് എനിക്ക് ഒരുപാട് സന്തോഷം നല്‍കിയ കാര്യമാണ്. എന്താണ് വേണ്ടത് എന്ന് അവര്‍ക്ക് കൃത്യമായ ധാരണയുണ്ട്.
എങ്ങനെ ചെയ്യണമെന്നൊക്കെ ആദ്യമേ പറഞ്ഞ് തരുമായിരുന്നു. അത് കൃത്യമായി മനസിലായതുകൊണ്ട് റിഹേഴ്‌സലൊന്നും അധികം ചെയ്യേണ്ടി വന്നിട്ടില്ല. എല്ലാം വളരെ പെട്ടെന്ന് ചെയ്തുതീര്‍ക്കാന്‍ പറ്റി. കരിയറില്‍ ഏറ്റവും കുറവ് റിഹേഴ്‌സല്‍ നടത്തിയ സിനിമകളിലൊന്നായിരുന്നു സൂരറൈ പോട്ര്. ‘എന്ത് തോന്നുന്നോ അത് ചെയ്‌തോ’ എന്ന ഫ്രീഡം ക്ലൈമാക്‌സ് സീനില്‍ സുധ എനിക്ക് തന്നിരുന്നു,’ ഉര്‍വശി പറയുന്നു.
അതേസമയം ഉര്‍വശി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പരിമള ആന്‍ഡ് കോ. തലൈവന്‍ തലൈവിക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറെല്ലാം വലിയ ചര്‍ച്ചയായിരുന്നു. മെയ് 28ന് റിലീസ് ചെയ്യേണ്ട ചിത്രം ജൂണ്‍ അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. ഉര്‍വശിക്കും ജയറാമിനും പുറമെ യോഗി ബാബു, മിഷ്‌കിന്‍, സഞ്ജന നടരാജന്‍, സാന്‍ഡി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Urvashi shares the shooting experience of Soorarai Pottru movie