| Saturday, 10th May 2025, 11:42 am

ഫോണ്‍ വിളിക്കുമ്പോള്‍ ഞങ്ങളുടെ ശബ്ദം എല്ലാവര്‍ക്കും മാറിപോകും; വക്കീലും ഗുമസ്തനുമെന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഉര്‍വശി 2024 ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ആറാം തവണയും സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.

മലയാളത്തിലെ മികച്ച നടിയും തന്റെ സഹോദരിയുമായ കല്‍പനയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് ഉര്‍വശി. വീട്ടില്‍ കല്‍പനയുടെ വാലായി താന്‍ എപ്പോഴും പുറകെ ഉണ്ടാകുമായിരുന്നുവെന്നും കല്‍പനയെ വക്കീലെന്നും തന്നെ ഗുമസ്തനെന്നുമാണ് വീട്ടില്‍ വിളിച്ചു കൊണ്ടിരുന്നതെന്നും ഉര്‍വശി പറയുന്നു.

കല്‍പന ഒരുപാട് സംസാരിക്കാറുണ്ടായിരുന്നെന്നും അവര്‍ എന്ത് പറയുന്നോ ആ വാക്കിന്റെ അവസാനം മാത്രമാണ് താന്‍ പറഞ്ഞിരുന്നതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ മാനറിസങ്ങളെല്ലാം ഒരുപോലെ ആയിരുന്നുവെന്നും ഫോണില്‍ സംസാരിക്കുമ്പോള്‍ ഇരുവരുടെയും ശബ്ദം മറ്റുള്ളവര്‍ക്ക് മാറി പോകുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്. മിനി ചേച്ചി എവിടെയുണ്ടോ അവിടെ ഞാന്‍ ഉണ്ടാകും. മിനി ചേച്ചിയുടെ വാലായിരുന്നു ഞാന്‍. അവളെ വക്കീല്‍ എന്നും എന്നെ ഗുമസ്തനെന്നുമാണ് വിളിച്ചുകൊണ്ടിരുന്നത്. കാരണം അവള്‍ എന്തു പറയുന്നോ അതിന്റെ അവസാനത്തെ വാക്ക് ഞാന്‍ പറയും. ‘അതേ, അതേ, അതേ, അല്ല, അല്ല’. ഇങ്ങനെ പറയുമ്പോള്‍ വക്കീലും ഗുമസ്തനും കൂടെ എങ്ങോട്ടാ എന്ന് ചോദിക്കും.

കല്‍പന ചേച്ചി ഒത്തിരി സംസാരിക്കുമായിരുന്നു, ഞാന്‍ മിനി ചേച്ചി പറയുന്ന വാക്കിന്റെ അവസാനം മാത്രം സംസാരിക്കുന്നയാള്‍. അതായിരുന്നു ഞങ്ങള്‍. അതുകൊണ്ട് ഞങ്ങളുടെ മാനറിസങ്ങളെല്ലാം ഏകദേശം ഒരുപോലെ വരും. ഒരേ ശബ്ദമായിരുന്നു. ഫോണ്‍ എടുത്താല്‍ കല്‍പ്പനയാണോ, ഉര്‍വശിയാണോ എന്ന് ചോദിക്കുമായിരുന്നു,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi shares memories of her sister Kalpana

Latest Stories

We use cookies to give you the best possible experience. Learn more