ഇന്ത്യന്‍ സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത നടിമാരിലൊരൊളാണ് ഉര്‍വശി. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ താരം ആറ് ഭാഷകളിലായി 700ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. എല്ലാതരം കഥാപാത്രങ്ങളെയും അനായായമായി അവതരിപ്പിച്ച ഉര്‍വശി നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തന്റെ പേരിലാക്കിയിട്ടുണ്ട്.
ദേശീയ, സംസ്ഥാന പുരസ്‌കാര വേദിയില്‍ തിളങ്ങിയ ഉള്ളൊഴുക്കിന് ശേഷം ഉര്‍വശി ഭാഗമാകുന്ന ചിത്രമാണ് പരിമള ആന്‍ഡ് കോ. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. ഏറെക്കാലത്തിന് ശേഷം ജയറാമും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ഉര്‍വശി Photo: Screen grab/ Galatta Plus
കരിയറില്‍ തങ്ങളെ അത്ഭുതപ്പെടുത്തിയ ലെജന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയതിനാല്‍ ഒരുപാട് വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഉര്‍വശി പറഞ്ഞു. അത്തരത്തിലൊരാളാണ് നാഗേഷെന്ന് പറയുകയാണ് താരം.
‘അദ്ദേഹത്തിന്റെ കൂടെ പിടിച്ചുനില്‍ക്കാന്‍ വലിയ പ്രയാസമായിരുന്നു. നമ്മളെക്കാള്‍ സ്‌കോര്‍ ചെയ്യാനാണ് അദ്ദേഹം നോക്കുന്നത്. ജീവിതത്തില്‍ ഇനി അദ്ദേഹത്തെപ്പോലൊരു നടനെ കാണില്ലെന്ന് ഉറപ്പാണ്. മഗളീര്‍ മട്ടും എന്ന സിനിമയില്‍ ഡെഡ്‌ബോഡിയായി അദ്ദേഹത്തിന്റെ ഒരു പ്രകടനമുണ്ട്. ആ ഡെഡ്‌ബോഡിയായി നിന്ന് ഒരു ഫൈറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.
കാമ്പക്കൊള എന്ന സ്ഥലത്തെ ഗ്രൗണ്ടിലായിരുന്നു ഷൂട്ട്. പാറപ്പുറത്ത് എവിടെയും പിടിച്ചനില്‍ക്കാന്‍ ഗ്രിപ്പില്ലാത്ത സ്ഥലത്ത് അദ്ദേഹം അത് ചെയ്തിട്ടുണ്ട്. വേറെ ആര്‍ക്കും അത് സാധിക്കില്ല. ആ സീനിലെല്ലാം നാഗേഷ് സാറിന്റെ കഥാപാത്രത്തിന്റെ മുഖത്ത് ഒരു കണ്ണുതുറന്ന്. ചിരിയുണ്ട്. അതും കണ്ടുകൊണ്ട് പെര്‍ഫോം ചെയ്യാന്‍ ഞാനൊക്കെ പാടുപെട്ടു.
ആ ചിരിയൊന്ന് മാറ്റാമോ എന്ന് ചോദിച്ചപ്പോള്‍ ‘ഏയ് അതൊന്നും പറ്റില്ല. നീയൊക്കെ വലിയ രാക്ഷസിയാണ്. ഡെഡ്‌ബോഡിയായി അഭിനയിക്കുകയാണെങ്കില്‍ പോലും എനിക്ക് ഒരു പേരൊക്കെ വാങ്ങണ്ടേ’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗംഭീര നടനാണ്. ആര്‍ക്കും അദ്ദേഹത്തെപ്പോലെയാകാന്‍ പറ്റില്ല,’ ഉര്‍വശി പറയുന്നു.
തലൈവന്‍ തലൈവിക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പരിമള ആന്‍ഡ് കോ മെയ് 28ന് തിയേറ്ററുകളിലെത്തും ജയറാമിനും ഉര്‍വശിക്കും പുറമെ സഞ്ജന നടരാജന്‍, മിഷ്‌കിന്‍, യോഗി ബാബു എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
Content Highlight: Urvashi shares her working experience with Actor Nagesh