മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി തനതായ ഹാസ്യശൈലിയിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടിയാണ് ഉർവശി. വൈവിധ്യം കൊണ്ട് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരം ഇപ്പോഴിതാ തന്റെ ദശാബ്ദങ്ങൾ നീണ്ട സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
ഒരു നടന്റെ നായിക എന്നതിലുപരി ഒരു ഡയറക്ടറുടെ നായിക എന്ന് മുൻപ് ഉർവശി പറയുകയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, താൻ അഭിനയിച്ച ചിത്രങ്ങളിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച ഏതെങ്കിലും ഒരു പ്രത്യേക സംവിധായകൻ ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ഉർവശി. ജിഞ്ചർ മീഡിയ കട്ട്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അന്ന് സ്ഥിരമായിട്ടുള്ള കുറച്ചു സംവിധായകരായ ഐ.വി. ശശി, പി.ജി. വിശ്വംഭരൻ, സത്യൻ അന്തിക്കാട് എന്നിവരുമായാണല്ലോ കൂടുതൽ സിനിമകളും ചെയ്തിരുന്നത്. അതിൽ മഹാരാജൻ സാറിന്റെ സിനിമകളിൽ മാത്രമാണ് എനിക്ക് അഭിനയിക്കാൻ പറ്റാതെ പോയത്. ഞാൻ വളരെ തിരക്കുപിടിച്ച് ഓടുന്ന സമയത്ത് സാർ പല പ്രാവശ്യം പ്ലാൻ ചെയ്തിട്ടും അത് നീണ്ടു പോയിട്ട് ചെയ്യാൻ പറ്റാതെ പോവുകയുമായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. പിന്നെ ഭരതൻ സാർ, പത്മരാജൻ സാർ എന്നിവരുടെ സിനിമകളിലൊക്കെ എനിക്ക് അഭിനയിക്കാൻ പറ്റിയിട്ടുണ്ട്, എല്ലാവരും നല്ല കഥാപാത്രങ്ങളാണ് തന്നിട്ടുള്ളത്. പക്ഷെ എന്നെ വളരെ വ്യക്തിപരമായി അറിയുകയും, എന്നെ ആലോചിച്ച് കഥാപാത്രങ്ങളെ എഴുതുകയും ചെയ്തിട്ടുള്ള സംവിധായകൻ എന്ന് പറയുന്നത് വേണു നാഗവള്ളിയാണ്.
അദ്ദേഹത്തിന്റെ സിനിമകളിലെ കൗതുകമുള്ള കഥാപാത്രങ്ങൾക്കൊക്കെ എന്റെ മാനറിസം ഉള്ളതുകൊണ്ട്, വേണുച്ചേട്ടന് എന്റെ മാനറിസം വെച്ചേ കഥാപാത്രങ്ങളെ എഴുതാൻ അറിയുകയുള്ളൂ എന്ന് പലരും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതിൽ ‘ഏയ് ഓട്ടോ‘യും ‘കിഴക്കുണരും പക്ഷി‘യും എനിക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ഏയ് ഓട്ടോയിലെ റോൾ പോലും എന്നെ മനസ്സിൽ കണ്ട് എഴുതിയിട്ടുള്ളതാണ്. ആ സിനിമ എനിക്ക് ചെയ്യാൻ പറ്റാത്തതിൽ എന്നോട് ക്ഷമിക്കാതിരുന്ന ഒരാളായിരുന്നു വേണുച്ചേട്ടൻ,അദ്ദേഹത്തിന് എന്നോട് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.
അതുപോലെ സത്യൻ അന്തിക്കാടിന്റെ സിനിമകൾ. മറ്റാരും കാണാത്ത സവിശേഷതകളൊക്കെ ദീർഘവീക്ഷണത്തോടെ കാണുകയും, തലയണമന്ത്രം ആയാലും പൊൻമുട്ടയിടുന്ന താറാവ് ആയാലും ആ ക്യാരക്ടർസിന് ഒട്ടും നെഗറ്റീവ് തോന്നാതെ ചെയ്യാൻ എനിക്ക് കഴിയും എന്ന് മനസ്സിലാക്കിയ ഒരു സംവിധായകനായിരുന്നു അദ്ദേഹം. പിന്നീട് അച്ചുവിന്റെ അമ്മയിലൂടെ രണ്ടാം വരവും അങ്ങനെയായിരുന്നു. അങ്ങനെ ഓരോ കഥാപാത്രങ്ങൾ എടുത്തു നോക്കുമ്പോഴാണ് ഇതൊക്കെ മനസ്സിലാവുക. അതുകൊണ്ട് ഒരു പ്രത്യേക കഥാപാത്രത്തെയോ സംവിധായകനെയോ മാത്രം എടുത്തു പറയാൻ പറ്റില്ല,’ ഉർവശി പറഞ്ഞു.