| Sunday, 11th May 2025, 8:43 am

ഡയറക്ടര്‍ പറഞ്ഞാല്‍ അനുസരിക്കാത്ത ലോക അഹങ്കാരി എന്ന പബ്ലിസിറ്റിയാണ് എനിക്ക് അന്ന് കിട്ടിയത്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

1984ല്‍ പുറത്തിറങ്ങിയ ‘എതിര്‍പ്പുകള്‍’ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാള്‍ ഉര്‍വശി ആയിരുന്നു. സിനിമയില്‍ നിന്ന് ഇടക്കാലത്ത് വലിയൊരു ഇടവേളയെടുത്ത ഉര്‍വശി വന്‍ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്.

ആളുകളുടെ മുമ്പിലേക്ക് പോലും വരാതെ, എന്തെങ്കിലുമൊന്ന് ഉറക്കെ പറഞ്ഞാല്‍ കരയുന്ന ആളായിരുന്നോ ഉര്‍വശിയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ഉര്‍വശി.

ഒരുപാട് ആളുകള്‍ തന്റെ അടുത്ത് വന്ന് സംസാരിക്കുന്നതൊന്നും തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും തുടക്കകാലത്ത് താന്‍ സിനിമയില്‍ അങ്ങനെ തന്നെയായിരുന്നുവെന്നും ഉര്‍വശി പറയുന്നു. സിനിമയില്‍ വന്നതിന് ശേഷമാണ് താന്‍ ഒരുപാട് മാറിയതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

സെറ്റിലൊക്കെ വിമ്മിഷ്ടത്തോടെ ഇരിക്കുമ്പോള്‍ നെടുമുടി വേണു എന്തിനാണ് ഇങ്ങനെ ദുര്‍മുഖവുമായിരിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആരും പറഞ്ഞാല്‍ അനുസരിക്കാത്ത അഹങ്കാരിയെന്ന ഇമേജായിരുന്നു തനിക്ക് സിനിമയിലെന്നും അതാണ് ആദ്യ സിനിമയില്‍ തനിക്ക് കിട്ടിയ പബ്ലിസിറ്റിയെന്നും ഉര്‍വശി പറയുന്നു. ഒര്‍ജിനല്‍സില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ ഞാന്‍ അങ്ങനെ തന്നെയായിരുന്നു. സിനിമയില്‍ വന്നതിന് ശേഷമാണ് ഒരുപാട് മാറിയത്. സിനിമയില്‍ വന്ന് എന്റെ ചുറ്റിനുള്ളവരുടെയും, സഹപ്രവര്‍ത്തകരുമായിട്ടൊക്കെ ഉള്ള സമ്പര്‍ക്കത്തിലൂടെയാണ് അത് മാറിയത്. സെറ്റിലൊക്കെ മുഖം താഴ്ത്തി ഇങ്ങനെ നോക്കുകയുള്ളൂ ഞാന്‍. അപ്പോള്‍ നെടുമുടിവേണു ചേട്ടന്‍ എന്നോട് പറയും ‘ എന്തിനാണ് ഈ ദുര്‍മുഖം കൊണ്ടിരിക്കുന്നേ’ എന്ന്. തുടക്കത്തിലൊക്കെ എന്റെ അടുത്ത് വന്ന് കുറെ പേര് സംസാരിക്കുന്നതൊന്നും എനിക്കിഷ്ടമല്ലായിരുന്നു. രണ്ട് മിനിറ്റ് സംസാരിച്ചാല്‍ ഞാന്‍ എഴുന്നേറ്റ് പോകും.

എന്റെ ആദ്യത്തെ സിനിമയില്‍ എനിക്ക് ഫസ്റ്റ് കിട്ടിയ പബ്ലിസിറ്റി ഇങ്ങനെയാണ്, ‘ഒരു പുതിയ കുട്ടിയെഇന്റര്‍ട്യൂസ് ചെയ്യുന്നുണ്ട്. ഒരു സ്‌കൂള്‍ കുട്ടിയാണ്, പക്ഷേ ലോക അഹങ്കാരിയാണ്. ഡയറക്ടര്‍ ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ വണ്ടിയെടുത്ത് എന്റെ വീട്ടില്‍ പോകും എന്ന് പറഞ്ഞ് പോയിരിക്കും. ഇങ്ങനെയൊക്കെ ഉള്ളവരെ വച്ച് എങ്ങനെ സിനിമ എടുക്കും’ ഇതാണ് എനിക്ക് കിട്ടിയ ഫസ്റ്റ് പബ്ലിസിറ്റി,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi says that she had a reputation as an arrogant person in her early days in the film industry.

We use cookies to give you the best possible experience. Learn more