സിനിമാ താരമായാൽ അമ്പതിനായിരം രൂപ പോലും കടം ചോദിക്കാൻ പറ്റില്ല; അഭിനയിച്ചിട്ടും പണമില്ലേയെന്നാണ് പലരും ചിന്തിക്കുക: ഉർവശി
Malayalam Cinema
സിനിമാ താരമായാൽ അമ്പതിനായിരം രൂപ പോലും കടം ചോദിക്കാൻ പറ്റില്ല; അഭിനയിച്ചിട്ടും പണമില്ലേയെന്നാണ് പലരും ചിന്തിക്കുക: ഉർവശി
നന്ദന എം.സി
Wednesday, 20th May 2026, 7:28 am

വർഷങ്ങൾക്കു ശേഷം ജയറാമും ഉർവശിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പരിമള ആന്റ് കോ’. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള ഫൺ എന്റർടെയ്നറായിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉർവശിയും ജയറാമും.  ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഭിനേത്രിയെന്ന നിലയിൽ ഉർവശിക്ക് ജോലിയോടുള്ള ആത്മാർത്ഥത അതീവ വലുതാണെന്ന് ജയറാം പറഞ്ഞു. ചിത്രത്തിലെ ഒരു പ്രധാന ഭാഗത്തിന്റെ ഷൂട്ടിങ് പാലക്കാട് വെച്ചായിരുന്നു നിശ്ചയിച്ചിരുന്നത്.

ജയറാം, ഉർവശി, Photo: IMDb

നാല് ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ഷെഡ്യൂളായതിനാൽ എല്ലാ താരങ്ങളുടെയും ഡേറ്റുകളും ലൊക്കേഷൻ പെർമിഷനും ഉൾപ്പെടെ എല്ലാം മുൻകൂട്ടി ക്രമീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഷൂട്ടിങ് ആരംഭിച്ച ആദ്യ ദിവസം തന്നെ ഉർവശിയുടെ ഇളയ സഹോദരൻ മരിച്ചുവെന്ന വിവരം എത്തി. ഉടൻ തന്നെ ചെന്നൈയിലേക്ക് പോകാൻ ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ട ഉർവശി, ബാക്കിയുള്ള താരങ്ങളുടെ ക്ലോസ് ഷോട്ടുകൾ ചിത്രീകരിച്ച് വെക്കാനും നിർദേശിച്ച ശേഷമാണ് മടങ്ങിയത്.

സഹോദരന്റെ സംസ്കാരവും മറ്റ് ചടങ്ങുകളും പൂർത്തിയാക്കി പിറ്റേന്ന് ഉച്ചയോടെ തന്നെ ഉർവശി വീണ്ടും ലൊക്കേഷനിൽ തിരിച്ചെത്തിയെന്നും ജയറാം പറഞ്ഞു.

അതിന് ശേഷമാണ് സിനിമയിലെ ഏറ്റവും തമാശ നിറഞ്ഞ രംഗങ്ങളിൽ ഒന്നിൽ ഉർവശി ചിരിച്ചുകൊണ്ട് അഭിനയിച്ചതെന്നും ജയറാം കൂട്ടിച്ചേർത്തു.

ഷൂട്ടിങ് നിർത്തിവെക്കാൻ എല്ലാവരും തയ്യാറായിരുന്നെങ്കിലും അതിന് സമ്മതിക്കാതിരുന്നതും ഉർവശിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് ഉർവശിയും മനസുതുറന്നു. ‘വേറെ ഏതെങ്കിലും ആർട്ടിസ്റ്റിനൊപ്പമായിരുന്നെങ്കിൽ അന്ന് അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായേനെ.

ഉർവശി, Photo: IMDb

ജയറാമുമായി വർഷങ്ങളായുള്ള അടുപ്പമുണ്ട്. എന്റെ അനിയനുമായും ജയറാമിന് നല്ല ബന്ധമുണ്ടായിരുന്നു,’ എന്നാണ് ഉർവശി പറഞ്ഞത്.

സംസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് ജയറാം ചോദിച്ചില്ലെന്നും പകരം അന്ന് വരെ ഷൂട്ട് ചെയ്ത രംഗങ്ങളെ കുറിച്ച് പറഞ്ഞ് തന്നെ ചിരിപ്പിക്കുകയാണ് ചെയ്തതെന്നും ഉർവശി പറഞ്ഞു. ‘അന്ന് അനിയനെ കുറിച്ച് ചോദിച്ചിരുന്നെങ്കിൽ ഞാൻ കൂടുതൽ അപ്സെറ്റായേനെ.

സംവിധായകൻ പാണ്ടിരാജും ഒന്നും ചോദിച്ചില്ല. കലാകാരന്മാർക്ക് ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കേണ്ട സമയം എപ്പോഴാണെന്ന് അറിയാം,’ എന്നും അവർ കൂട്ടിച്ചേർത്തു.

സിനിമാ താരങ്ങളുടെ ജീവിതത്തെ കുറിച്ചും ഉർവശി സംസാരിച്ചു. ‘സിനിമാ താരമായാൽ അമ്പതിനായിരം രൂപ പോലും കടം ചോദിക്കാൻ പറ്റില്ല. ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും പണമില്ലേയെന്നാണ് പലരും ചിന്തിക്കുക,’ എന്നായിരുന്നു ഉർവശിയുടെ വാക്കുകൾ.

Content Highlight: Urvashi says she won’t be able to borrow money if she becomes a movie star

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.