| Tuesday, 6th May 2025, 11:01 am

അസാധ്യ ഹ്യൂമര്‍ സെന്‍സുള്ള നടന്മാര്‍, അവരോടൊപ്പം കോമ്പിനേഷന്‍ ചെയ്യാന്‍ ഇഷ്ടമാണ്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ.

1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാള്‍ ഉര്‍വശി ആയിരുന്നു.ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. ശ്രീനിവാസന്റെ കൂടെയും മുകേഷിന്റെ കൂടെയും നിരവധി സിനിമകളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്.

തനിക്ക് മുകേഷിന്റെയും ശ്രീനിവാസന്റെയും ഒപ്പം ഒരിക്കല്‍ കൂടെ സ്‌ക്രീനില്‍ പങ്കിടാന്‍ ആഗ്രഹമുണ്ടെന്ന് ഉര്‍വശി പറയുന്നു. ശ്രീനിവാസന്റെയും മുകേഷിന്റെയും കൂടെ കോമ്പിനേഷന്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും അസാധ്യ ഹ്യൂമര്‍ സെന്‍സ് ഉള്ള ആളുകളാണ് ഇരുവരുമെന്നും ഉര്‍വശി പറയുന്നു. മുകേഷ് സംസാരിക്കണ്ട ആവശ്യമില്ലെന്നും ബോഡിലാഗ്വേജില്‍ തന്നെ ഹാസ്യം കൊണ്ടുവരാന്‍ കഴിയുന്ന നടനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉഗ്രന്‍ ടൈമിങ് ഉള്ള ആക്ടറാണ് ശ്രീനിവാസനെന്നും അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെന്‍സ് അസാധ്യമാണെന്നും ഉര്‍വശി പറഞ്ഞു. തലയണമന്ത്രത്തില്‍ ശ്രീനിവാസന്‍ കാറോടിക്കുന്ന സീന്‍ കാണുമ്പോള്‍ ചിരിവരുമെന്നും അവര്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘എനിക്ക് മുകേഷേട്ടന്റെ കൂടെയും ശ്രീനിയേട്ടന്റെ കൂടെയും കോമ്പിനേഷന്‍ ചെയ്യാന്‍ ഇഷ്ടമാണ്. കാരണം രണ്ട് പേരും ഒരു ഹ്യൂമറിന്റെ പ്രത്യേക തലത്തിലുള്ള ആളുകളാണ്. എല്ലാവരുടെ കൂടെയും വര്‍ക്ക് ചെയ്യുക എന്ന് പറയുന്നത് നമുക്ക് സന്തോഷമുള്ള കാര്യമാണ്. പക്ഷേ ഇവര്‍ രണ്ട് പേരും അസാധ്യ ഹ്യൂമര്‍ സെന്‍സുള്ള ആളുകളാണ്. മുകേഷേട്ടനൊക്കെ നിന്നടത്ത് നിന്ന് കിലോമീറ്ററോളം ഓടും. അനങ്ങത്തില്ല. ഓട്ടം കണ്ടിട്ടില്ലേ. നമ്മള്‍ പ്രൊഫൈല്‍ മാത്രം ശ്രദ്ധിച്ചാല്‍ ചിരിച്ച് മണ്ണ്കപ്പും. ഒന്നും സംസാരിക്കണ്ട. ഒരുവകയും സംസാരിക്കണ്ട ഓടിയാല്‍ മതി. അത്ര നല്ല ബോഡിലാംഗ്വേജ് ഒക്കെയാണ്. ഹ്യൂമറിന്റ ടൈമിങിനെ പറ്റി ഒന്നും പറയാനില്ല.

അത് പോലെ ശ്രീനിയേട്ടനും ‘ സാറേ ഈ മുറിയില്‍ നല്ല കാറ്റ് വരും’ എന്ന് പറയുമ്പോള്‍ ശ്രീനിയേട്ടന്‍ ‘ എനിക്ക് അത്രക്ക് കാറ്റ് വേണ്ട, നീ എപ്പോ വന്നു, എപ്പോ പോകുന്നു, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍’ അങ്ങനെയാ പറയുക. ലോകത്ത് ആരും ചോദിക്കത്തില്ല അങ്ങനെയൊരു വിശേഷം. തലയണ മന്ത്രത്തില്‍ കണ്ടിട്ടില്ലേ? വാ കൊണ്ട് വണ്ടി ഓടിക്കും. സ്റ്റിയറിങ് വളയുന്ന പോലെ അദ്ദേഹത്തിന്റെ വായും അങ്ങോട്ടും ഇങ്ങോട്ടും മാറും. ഉഗ്രന്‍ ടൈമിങ് ആക്ടറാണ് ശ്രീനീയേട്ടന്‍. തലയണമന്ത്രത്തില്‍ ഞാന്‍ ഭയങ്കരമായി ചിരിച്ചിട്ട് എനിക്ക് സത്യേട്ടന്റെ കയ്യില്‍ നിന്ന് ചീത്ത കേട്ടിട്ടുണ്ട്. കാരണം ചിരിച്ചാല്‍ എനിക്ക് കണ്ണില്‍ കൂടെ വെള്ളം വരും,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi says she wants to share the screen with Mukesh and Srinivasan once again.

We use cookies to give you the best possible experience. Learn more