നീണ്ട 20 വര്‍ഷത്തിന് ശേഷം പ്രണയജോഡികള്‍ ഒന്നിക്കുന്നു; പാണ്ടിരാജിന്റെ അടുത്ത ചിത്രത്തില്‍ ജയറാമും ഉര്‍വശിയും
Indian Cinema
നീണ്ട 20 വര്‍ഷത്തിന് ശേഷം പ്രണയജോഡികള്‍ ഒന്നിക്കുന്നു; പാണ്ടിരാജിന്റെ അടുത്ത ചിത്രത്തില്‍ ജയറാമും ഉര്‍വശിയും
ഐറിന്‍ മരിയ ആന്റണി
Wednesday, 21st January 2026, 1:00 pm

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയജോഡികളായ ജയറാമും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ഇരുവരും സംവിധായകന്‍ പാണ്ടിരാജിന്റെ ചിത്രത്തിലൂടെയാണ് വീണ്ടും ഒന്നിക്കുന്നത്.

ഉര്‍വശിയും ജയറാമും പഞ്ചതന്തിരം സിനിമയിലെ രംഗത്തില്‍ നിന്ന്

മകന്‍ കാളിദാസിനൊപ്പം അഭിനയിക്കുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഈ കാര്യം വെളിപ്പെടുത്തിയത്. പഞ്ചതന്തിരം, കടിഞ്ഞൂല്‍ കല്യാണം, ചക്കിക്കൊത്ത ചങ്കരന്‍, മാളൂട്ടി, മറുപുറം, മുഖചിത്രം എന്നീ സിനിമകളിലൂടെ മലയാളികള്‍ ഏറ്റെടുത്ത ജോഡികളാണ് ഉര്‍വശിയും ജയറാമും.

വരാന്‍ പോകുന്ന സിനിമയെ കുറിച്ച് ജയറാം

’20 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ഉര്‍വശിയും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സിനിമയുടെ പേര് ഇതുവരെ ആയിട്ടില്ല. ഷൂട്ടിങ് പുരോഗമിക്കുകയാണ്. വളരെ രസകരവും തമാശ നിറഞ്ഞ സിനിമയായിരിക്കും അത്. ഓരോ സീനിലും ഏകദേശം 10-15 ടേക്കുകള്‍ പോയിട്ടുണ്ട്. കാരണം ഷോട്ട് എടുക്കുമ്പോള്‍ ഞങ്ങള്‍ ചിരിച്ചുകൊണ്ടേയിരിക്കും. അടുത്ത ഷോട്ട് ചിരിച്ച് കഴിഞ്ഞിട്ട് എടുക്കാമെന്ന് പാണ്ടിരാജ് പറയുകയും ചെയ്യും,’ ജയറാമിന്റെ വാക്കുകള്‍.

ഉര്‍വശി അഭിനയിക്കുന്നത് പോലെ ആര്‍ക്കും അഭിനയിക്കാന്‍ കഴിയില്ലെന്നും ചില ഭാവപ്രകടനങ്ങളൊക്കെ സീനില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഉര്‍വശിക്ക് മാത്രമെ കഴിയുകയുള്ളുവെന്നും ജയറാം പറഞ്ഞു. ഉര്‍വശി നന്നായി ഇംപ്രൊവൈസ് ചെയ്ത് അഭിനയിക്കുന്ന നടിയാണെന്നും അദ്ദേഹം പറഞ്ഞു.

കമല്‍ഹാസന്‍ നായകനായെത്തി 2002ല്‍ പുറത്തിറങ്ങിയ പഞ്ചതന്ത്രം എന്ന സിനിമയില്‍ ജയറാമും ഉര്‍വശിയും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. 2020-ല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത പുത്തം പുതു കാലൈ എന്ന ആന്തോളജിയിലും ഇരുവും അഭിനയിച്ചിരുന്നു. എന്നാല്‍ ഒരു മുഴുനീള വേഷത്തില്‍ എത്തിയിട്ട് 20 വര്‍ഷത്തോളമായി.

നിത്യ മേനോനും വിജയ് സേതുപതിയും പ്രധാനവേഷങ്ങളിലെത്തിയ തൈലവന്‍ തമ്പിയാണ് പാണ്ടിരാജ് സംവിധാനം ചെയ്ത അവസാന സിനിമ.

റിഷബ് ഷെട്ടി ഒരുക്കിയ കാന്താര ചാപ്റ്റര്‍ വണ്‍ ചന്ദ്രയാണ് ജയറാമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് ഉര്‍വശിയുടേതായി അവസാനം വന്ന ല സിനിമ.

Content highlight: Urvashi and Jayaram are coming together again in a Tamil film

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.