| Thursday, 15th May 2025, 3:21 pm

എല്ലാ നടിമാര്‍ക്കും പാട്ടുണ്ട്, നിനക്ക് മാത്രമില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ ആ പാട്ട് തമിഴ്‌നാട്ടിലും കേരളത്തിലും തരംഗമായി മാറി: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തമിഴ് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച മറക്കാനാകാത്ത അനുഭവം പങ്കുവെക്കുകയാണ് ഉര്‍വശി. തമിഴിലെ എക്കാലത്തെയും മികച്ച ഗാനരചയിതാവായ വാലി തനിക്ക് വേണ്ടി ഒരു ‘ഉര്‍വശി ഉര്‍വശി ടേക്ക് ഇറ്റ് ഈസി ഉര്‍വശി’ എന്ന് തുടങ്ങുന്ന പാട്ട് തയാറാക്കിയിരുന്നെന്നും അത് ഒരു സിനിമയില്‍ ചേര്‍ത്തെന്നും ഉര്‍വശി പറഞ്ഞു. കാറില്‍ പോകുന്ന സമയത്താണ് താന്‍ ആ പാട്ട് ആദ്യമായി കേട്ടതെന്നും പെട്ടെന്ന് തനിക്ക് ഒന്നും മനസിലായില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

കാതലന്‍ എന്ന സിനിമക്ക് വേണ്ടി വാലി എഴുതിയതാണ് ആ പാട്ടെന്നും അത് കേട്ട ശേഷം താന്‍ അദ്ദേഹത്തെ വിളിച്ചെന്നും ഉര്‍വശി പറയുന്നു. തനിക്ക് വേണ്ടിയാണ് ആ പാട്ട് വാലി എഴുതിയതെന്നും എങ്ങനെയുണ്ടെന്ന് അദ്ദേഹം ചോദിച്ചെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. എന്തിനാണ് ആ പാട്ട് എഴുതിയതെന്ന് വാലിയോട് ചോദിച്ചെന്നും ഉര്‍വശി പറഞ്ഞു.

ഖുഷ്ബു, ശ്രീദേവി തുടങ്ങി പല നടിമാരുടെ പേരിലും പാട്ടുകളുണ്ടെന്നും തന്റെ പേരില്‍ മാത്രം പാട്ടുകളില്ലെന്നും വാലി തന്നോട് പറഞ്ഞെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ തരംഗമായി കാതലനിലെ പാട്ട് മാറിയെന്നും ഒരു വര്‍ഷത്തോളം എല്ലാവരും അത് മൂളിക്കൊണ്ട് നടന്നെന്നും ഉര്‍വശി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘വാലി സാര്‍ എനിക്ക് തന്ന ഗിഫ്റ്റാണ് ആ പാട്ട്. ഒരുദിവസം കാറില്‍ പോകുമ്പോഴാണ് ആ പാട്ട് ആദ്യമായിട്ട് ഞാന്‍ കേട്ടത്. എന്റെ പേരില്‍ ഒരു പാട്ടോ എന്നാണ് ആദ്യം തോന്നിയത്. വാലി സാറിനെ വിളിച്ച് ചോദിച്ചു. ‘പാട്ട് ഇഷ്ടമായോ, നിനക്ക് എന്റെ വകയായി തന്ന ഗിഫ്റ്റാണ് ഈ പാട്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തിനാണ് ഇപ്പോള്‍ ഈ പാട്ട് എന്ന് ഞാന്‍ ചോദിച്ചു.

‘എല്ലാ നടിമാരുടെ പേരിലും പാട്ടുകളുണ്ട്. ഖുശ്ബു, ശ്രീദേവി അങ്ങനെ പലതും. പക്ഷേ, നീ ദേവലോകത്ത് നിന്ന് നേരിട്ട് വന്ന നടിയാണ്. നിന്നെപ്പറ്റിയല്ലാതെ വേറെ ആരെപ്പറ്റി പാട്ടെഴുതും?’ എന്നായിരുന്നു വാലി സാര്‍ ചോദിച്ചത്. പടം റിലീസാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് ആ പാട്ട് ഇറങ്ങിയത്. ഈ കാലം മൊത്തം തമിഴ്‌നാട്ടിലും കേരളത്തിലും ആ പാട്ട് തരംഗമായിരുന്നു,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi about lyricist Vaali’s comment in Kathalan movie song

We use cookies to give you the best possible experience. Learn more