| Tuesday, 29th April 2025, 11:01 am

സീരിയസായ കഥാപാത്രങ്ങള്‍ ചെയ്യാനായിരുന്നു അവള്‍ക്ക് ഇഷ്ടം, അങ്ങനെയുള്ള വേഷങ്ങള്‍ കിട്ടിയില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ.

ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. ഇപ്പോള്‍ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിയും, തന്റെ സഹോദരിയുമായ കല്‍പനയെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.

തുടക്കകാലത്ത് കോമഡി വേഷങ്ങള്‍ ഒന്നും ചെയ്യാന്‍ കല്‍പനയ്ക്ക് താത്പര്യമില്ലായിരുന്നുവെന്ന് ഉര്‍വശി പറയുന്നു. അവര്‍ക്ക് നല്ലവണ്ണം കോമഡി ചെയ്യാനൊക്കെ അറിയാമെന്നും എന്നാല്‍ സിനിമയില്‍ സീരിയസായ കഥാപാത്രങ്ങള്‍ ചെയ്യാനായിരുന്നു കല്‍പ്പനക്ക് കൂടുതല്‍ ആഗ്രഹമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. കല്‍പ്പനക്ക് വന്നിട്ടുള്ള ഓഫറുകളൊക്കെയാണ് പിന്നീട് താന്‍ ചെയ്തതെന്നും കല്‍പന അഭിനയിക്കേണ്ട ചില സിനിമകള്‍ കലാ രഞ്ജിനിയാണ് ചെയ്തതെന്നും ഉര്‍വശി പറയുന്നു. ചില വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലാത്തതിനാല്‍ പല സിനിമകളില്‍ നിന്നും അവര്‍ വിട്ട് നിന്നിട്ടുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘മിനി ചേച്ചിക്ക് കോമഡി ചെയ്യാന്‍ ഇഷ്ടമായിരുന്നില്ല. നല്ലോണം കോമഡിയൊക്കെ പറയും. പക്ഷേ, അവള്‍ക്ക് സിനിമയില്‍ സീരിയസായിട്ടുള്ള നല്ല റോള്‍സ് ചെയ്യാനായിരുന്നു ആഗ്രഹം. അങ്ങനെ ചില സിനിമയില്‍ നിന്ന് അവള്‍ വിട്ട് നിന്നിട്ടുണ്ട്. മിനി ചേച്ചിയുടെ ഓഫേര്‍സാണ് പലതും എനിക്ക് വന്നിട്ടുള്ളതും ബാല നടിയായിട്ട് ഞാന്‍ അഭിനയിച്ചതുമൊക്കെ. മിനി ചേച്ചി അഭിനയിക്കേണ്ട പടമാണ് പലതും കല ചേച്ചി അഭിനയിച്ചത് ആദ്യമായിട്ട്. അങ്ങനെയൊക്കെ വന്നിട്ടുണ്ട്.

കാരണം വീട്ടില്‍ ഒരു ഒരു സെന്റര്‍ ഓഫ് അട്രാക്ഷനായിരുന്നു അവള്‍. എല്ലാ കഴിവും ഉണ്ടായിരുന്നത് മിനി ചേച്ചിക്കായിരുന്നു. ചെറുപ്പം മുതലേ ഡാന്‍സിനും പാട്ടിനുമൊക്കെ നല്ല പേരായിരുന്നു. സിനിമയുടെ കാര്യത്തില്‍, മിനി ചേച്ചി മാത്രം പറയും ‘വേണ്ട ആ റോള്‍ എനിക്ക് വേണ്ട, ഇങ്ങനെ കൊമേഡിയന്റെ കൂടെ വെറുതെ നടക്കുന്ന റോള്‍ ഞാന്‍ ചെയ്യില്ല’ ഈ പടം ഞാന്‍ ചെയ്യില്ലാ എന്നൊക്കെ പറയും. ചില സിനിമയില്‍ പോയിട്ട് രണ്ട് ദിവസം വര്‍ക്ക് ചെയ്തിട്ട് തിരിച്ച് വരും. അങ്ങനെയൊക്കെ ചെയ്യാറുണ്ടായിരുന്നു,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi about kalpana

We use cookies to give you the best possible experience. Learn more