ബെംഗളൂരു: കര്‍ണാടകയില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് വിവാദം.
ഉറുദു ദിന പത്രം ഉറുദു പരസ്യം പ്രദര്‍ശിപ്പിച്ചുവെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി.
ഹീലോഫീലിയ രോഗികള്‍ക്ക് രോഗപ്രതിരോധ ചികിത്സയും സൗജന്യ ആംബുലന്‍സ് സംവിധാനവും നല്‍കുന്ന ‘കുസുമ സജ്ഞീവിനി’ എന്ന പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.
ഇതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഉറുദു പത്രങ്ങളില്‍ നല്‍കിയ പരസ്യമാണ് വിവാദമായത്.
കന്നഡ യെ അവഗണിച്ച് ഉറുദുവില്‍ ഔദ്യോഗിക ക്ഷണം നല്‍കി പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് ബി.ജെ.പി ആരോപണം.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറുദു അടിച്ചേല്‍പ്പിക്കുകയാണെന്നും കന്നഡ വിരുദ്ധ നിലപാടാണ് സര്‍ക്കാരിന്റെതെന്നും ബി.ജെ.പി പറഞ്ഞു.
‘വീട്ടില്‍ ഉറുദു സംസാരിക്കുന്നത് കൊണ്ട് മാത്രം ഔദ്യോഗിക ക്ഷണക്കത്ത് ഉറുദുവില്‍ നല്‍കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വീട്ടില്‍ ഉറുദു സംസാരിക്കാം, പക്ഷേ കന്നഡ കര്‍ണാടകയുടെ ഭരണഭാഷയാണെന്ന് ഓര്‍മിക്കുക,’ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെ ലക്ഷ്യം വെച്ച് കൊണ്ട് ബി.ജെ.പി പറഞ്ഞു.
റാവുവിന്റെ ഭാര്യ മുസ്‌ലിമായതിനാല്‍ ബി.ജെ.പി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താറുണ്ട്.
എന്നാല്‍ ബി.ജെ.പി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റാവു പ്രതികരിച്ചു.
‘ഔദ്യോഗിക ക്ഷണവും പത്ര പരസ്യവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പോലും ബി.ജെ.പി നേതാക്കള്‍ക്ക് കഴിയുന്നില്ലേ, അതോ എന്ത് വിലകൊടുത്തും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണോ? ,’ അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ചോദിച്ചു.
“KUSUMA SANJEEVINI” a boon for Hemophilia Patients! 🩺✨
Hemophilia Prophylaxis Treatment and Free 108 Ambulance services for Hemophilia patients are being launched today.#HealthForAll #HemophiliaSupport@CMofKarnataka @DKShivakumar @KarnatakaVarthe pic.twitter.com/yOykb2U6kp
— Karnataka Health Department (@DHFWKA) February 25, 2026
ഉറുദുവില്‍ ക്ഷണക്കത്ത് നല്‍കിയിട്ടില്ലെന്നും ഒരു പ്രത്യേക പത്രത്തിന്റെ വായനക്കാരിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ അതിന്റെ ഭാഷയില്‍ പരസ്യങ്ങള്‍ നല്‍കുന്നതൊരു പതിവ് രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബി.എസ്. യെദ്യൂരപ്പയും ബസവരാജ് ബൊമ്മെയും അധികാരത്തിലിരുന്നപ്പോള്‍ ഉറുദു പത്രങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ലേ? നിങ്ങളുടെ സ്വന്തം യുക്തി അനുസരിച്ച് അന്ന് ഉറുദുവില്‍ പരസ്യങ്ങള്‍ നല്‍കിയ എല്ലാ ബി.ജെ.പി നേതാക്കളും ദേശവിരുദ്ധരായിരുന്നുവെന്നാണോ അതിനര്‍ത്ഥം,’ അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ തന്നെ വ്യക്തിപരമാായി അധിക്ഷേപിച്ച ബി.ജെ.പി നേതാക്കളെ അദ്ദേഹം വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.
‘ഞങ്ങളുടെ വീടുകളില്‍ സംസാരിക്കുന്ന ഭാഷയെകുറിച്ച് നിങ്ങള്‍ കൂടുതല്‍ ജിജ്ഞാസ കാണിക്കുന്നതിനാല്‍ ഞാന്‍ നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്.
ദയവായി ഞങ്ങളുടെ വീട് സന്ദര്‍ശിക്കൂ, നിങ്ങളുടെ ആതിഥേയത്വം വഹിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,’ റാവു പറഞ്ഞു.
Content Highlight: Urdu advertisement controversy; BJP says it is anti-Kannada; Government retaliates with old images
