ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ഉര്‍വശി. തമിഴിലൂടെ നായികയായി അരങ്ങേറിയ ഉര്‍വശി 45 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഉര്‍വശി അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിനെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. മൈന്യൂട്ടായിട്ടുള്ള എക്‌സപ്രഷനുകള്‍ കൊണ്ട് എല്ലായ്‌പ്പോഴും ഞെട്ടിച്ച നടനാണ് നെടുമുടി വേണുവെന്ന് ഉര്‍വശി പറഞ്ഞു. ചിത്രം എന്ന സിനിമ നെടുമുടി വേണുവില്ലാതെ ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നും ഉര്‍വശി പറയുന്നു.
മോഹന്‍ലാലുമായി പൈസയുടെ കാര്യം പറയുന്ന സീന്‍ അതിന് ഉദാഹരണമാണെന്നും ആ സീനില്‍ നെടുമുടി വേണു കാണിക്കുന്ന ചെറിയ എക്‌സ്പ്രഷനുകള്‍ പോലും മികച്ചതായിരുന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഒരാളെ പറ്റിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും മാക്‌സിമം ആ സീനില്‍ കാണാമെന്നും നെടുമുടി വേണുവിനല്ലാതെ മറ്റാര്‍ക്കും അങ്ങനെ പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ലെന്നും ഉര്‍വശി പറഞ്ഞു.
ആ സീനില്‍ സോഫയിലിരുന്ന് കൊണ്ട് നെടുമുടി വേണു നടത്തുന്ന പെര്‍ഫോമന്‍സ് അതുല്യമാണെന്നും ആ രംഗം ഇപ്പോള്‍ കണ്ടാല്‍ പോലും ചിരി വരുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനൊപ്പം ഒരു സീനില്‍ സ്‌കോര്‍ ചെയ്യുക എന്നത് ഇന്ന് പലര്‍ക്കും വലിയ കാര്യമായി തോന്നുമ്പോള്‍ നെടുമുടി വേണു അത് അനായാസമായി ചെയ്തുവെന്നും ഉര്‍വശി പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘ഡയലോഗുകളില്ലെങ്കില്‍ പോലും എക്‌സ്പ്രഷന്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ മലയാളത്തില്‍ ഇഷ്ടംപോലെയുണ്ട്. അതിലൊരാളാണ് നെടുമുടി വേണു ചേട്ടന്‍. ചിത്രം എന്ന സിനിമ വേണു ചേട്ടനില്ലാതെ നമുക്ക് ആലോചിക്കാന്‍ പറ്റുമോ. എന്ത് രസമായിട്ടാണ് അദ്ദേഹം ആ സിനിമയില്‍ പെര്‍ഫോം ചെയ്തുവെച്ചിരിക്കുന്നത്. പകരക്കാരനില്ലാത്ത നടനാണ് അദ്ദേഹം.
മോഹന്‍ലാലിന്റെ കൂടെ പൈസയുടെ കാര്യം പറയുന്ന സീനുണ്ടല്ലോ. ‘അഞ്ഞൂറെങ്കില്‍ അഞ്ഞൂറ്, അതെടുക്ക്’ എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ ‘ഏത് അഞ്ഞൂറ്, എനിക്കറിയില്ല’ എന്ന് പുള്ളി പറയുന്ന പോര്‍ഷന്‍ എന്ത് രസമാണ്. ഒരാളെ ഊശിയാക്കാന്‍ പറ്റുന്നതിന്റെ മാക്‌സിമം ആ സീനില്‍ കാണാം. ഓരോ ചെറിയ എക്‌സ്പ്രഷനും അടിപൊളിയാണ്. മോഹന്‍ലാലിന്റെ കൂടെ പെര്‍ഫോമന്‍സില്‍ പിടിച്ചുനില്‍ക്കുക എന്നത് ഇന്ന് പലര്‍ക്കും വലിയ കാര്യമായിരിക്കാം. എന്നാല്‍ അന്ന് വേണു ചേട്ടനൊക്കെ സിംപിളായി അത് ചെയ്തിട്ടുണ്ട്,’ ഉര്‍വശി പറയുന്നു.
Content Highlight: Uravshi about Nedumudi Venu’s performance in Chithram movie