| Friday, 2nd May 2025, 8:15 am

എന്റെ കണ്ണുകള്‍ മാത്രമേ ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ, അന്ന് ആരും അത് കണ്ടുപിടിച്ചില്ലായിരുന്നു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആറാം തമ്പുരാന്‍. ചിത്രത്തിലെ ‘ഹരിമുരളീരവം’ എന്ന ഹിറ്റ് ഗാനത്തില്‍ മുഖം മറച്ച നായികയായെത്തിയത് ഉര്‍വശിയാണെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ആറാം തമ്പുരാനിലെ തന്റെ സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.

തന്റെ കണ്ണുകള്‍ മാത്രമേ ആ സിനിമയില്‍ കാണിച്ചിട്ടുള്ളൂവെന്ന് ഉര്‍വശി പറഞ്ഞു. എന്നാല്‍ അത് ആറാം തമ്പുരാന് വേണ്ടി ഷൂട്ട് ചെയ്തതല്ലെന്നും മറ്റൊരു സിനിമക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സിനിമ റിലീസായ സമയത്ത് ആരും ഇക്കാര്യം കണ്ടുപിടിച്ചിട്ടില്ലായിരുന്നെന്നും ഉര്‍വശി പറഞ്ഞു.

ഇത്രയും കാലം ആരും അതിനെപ്പറ്റി സംസാരിച്ചില്ലെന്നും ഇപ്പോഴാണ് ആ കണ്ണ് തന്റേതായിരുന്നെന്ന് ആളുകള്‍ക്ക് മനസിലായതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഇത് ആളുകള്‍ക്ക് എങ്ങനെ മനസിലായി എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും ഉര്‍വശി പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.

ആറാം തമ്പുരാനില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ഹരിമുരളീരവം എന്ന പാട്ടില്‍ കാണിക്കുന്നത് എന്റെ കണ്ണുകളാണ്. അത് വേറൊരു സിനിമക്ക് വേണ്ടി ഷൂട്ട് ചെയ്ത സീനായിരുന്നു. ആറാം തമ്പുരാനില്‍ അത് ഉപയോഗിച്ചെന്നേയുള്ളൂ. പക്ഷേ, ആരും അത് എന്റെ കണ്ണാണെന്ന് അന്ന് കണ്ടുപിടിച്ചിട്ടേയില്ലായിരുന്നു. വേറെ ആരോ ആണെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു.

ഇത്രയും കാലം ആരും അതിനെപ്പറ്റി സംസാരിച്ചിട്ടേയില്ല. ഇപ്പോള്‍ അത് എങ്ങനെ കണ്ടുപിടിച്ചു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ആളുകള്‍ക്ക് ഇതൊക്കെ എങ്ങനെ മനസിലാകുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അന്ന് പിന്നെ ഇന്നത്തേത് പോലെ ടെക്‌നോളജിയൊന്നും ഇല്ലാത്തതുകൊണ്ടായിരിക്കും ഇതൊന്നും ചര്‍ച്ചയാകാത്തത്,’ ഉര്‍വശി പറയുന്നു.

Content Highlight: Uravshi about her presence in Aaram Thamburan movie

We use cookies to give you the best possible experience. Learn more