ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയത്തോടെ ഇന്ത്യ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയുടെ ആധിപത്യം തകര്‍ത്ത് 10 വര്‍ഷത്തിന് ശേഷമാണ് കങ്കാരുപ്പട പരമ്പരയില്‍ ചാമ്പ്യന്‍മാരാകുന്നത്.
ഇതോടെ കഴിഞ്ഞ മത്സരങ്ങളിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയും പുതിയ സെക്രട്ടറി ദേവജിത് സൈകിയയുമടങ്ങുന്ന യോഗത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നിരുന്നു. ഇരുവരും യോഗത്തില്‍ പങ്കെടുത്തതായി ചില സോഴ്‌സുകള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞിരുന്നു.
മീറ്റിങ്ങില്‍ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച നടത്തി. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ ഏതാനും ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത് പരാജയപ്പെട്ടതും ബാറ്റര്‍ എന്ന നിലയില്‍ മോശം പ്രകടനം പുറത്തെടുത്തതും ബോര്‍ഡ് ചോദ്യം ചെയ്തു.
ഇതോടെ 2025 ചാമ്പ്യന്‍സ് ട്രോഫി വരെയാണ് രോഹിത്തിന് ബോര്‍ഡ് ക്യാപ്റ്റന്‍സി മികവ് പുലര്‍ത്താന്‍ പരിഗണന നല്‍കിയത്. ടൂര്‍ണമെന്റില്‍ മിന്നും പ്രകകടനം കാഴ്ചവെച്ചാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍ പദവിക്ക് ഇളക്കം സംഭവിക്കില്ല.
എന്നാല്‍ രോഹിത് വീണ്ടും പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ്. ക്യാപ്റ്റന്‍ എന്ന നിലയിലും ബൗളര്‍ എന്ന നിലയിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
ബോര്‍ഡര്‍ ഗവാസ്‌കറില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ മാത്രമാണ് വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയത്. പിന്നീടുള്ള മത്സരങ്ങളില്‍ മോശം പ്രകടനമാണ് വിരാടും നടത്തിയത്. ചര്‍ച്ചയില്‍ വിരാടിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ബി.സി.സി.ഐ സമയം അനുവദിക്കുകയും ഉണ്ടായിരുന്നു.
കരിയറിലെ നിര്‍ണായകഘട്ടത്തില്‍ നില്‍ക്കുന്ന വിരാടിനും രോഹിത്തിനും ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. മാത്രമല്ല ഫോമില്ലാത്ത അവസ്ഥയെ മറികടക്കാന്‍ എല്ലാ സീനിയര്‍ താരങ്ങളോടും ആഭ്യന്തര മത്സരങ്ങള്‍ കളിക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടു.