ഉത്തര്‍പ്രദേശിനെ കേരളത്തിന് ബദലായി ഉയര്‍ത്തിക്കാട്ടാന്‍ സന്തോഷ് പണ്ഡിറ്റും ജനം ടി.വിയും ഉള്‍പ്പെടെയുള്ളവര്‍ കാണിക്കുന്ന ധൈര്യത്തിന് ശരിക്കും ഒരു തെക്കേടത്തമ്മ അവാര്‍ഡ് കൊടുക്കേണ്ടതാണ്. ഇവര്‍ വസ്തുതാപരമായ ഒരു മറുപടി അര്‍ഹിക്കുന്നുണ്ടോയെന്ന സംശയത്തില്‍ പലരും മാറിനില്‍ക്കുമ്പോള്‍ വസ്തുതകളെക്കുറിച്ച് വലിയ ധാരണയില്ലാത്ത ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്....സുധീഷ് സുധാകരന്‍ എഴുതുന്നു
‘ഇവന്‍ ഈ ചെയ്ത കൊലപാതകം ഉത്തര്‍പ്രദേശിലോ മറ്റോ ആയിരുന്നെങ്കില്‍, അന്നേ, യു.പി മോഡല്‍ ശിക്ഷ നല്‍കി പടമായേനേ’ എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞതായി ജനം ടി.വി അഭിമാനത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഉത്തര്‍പ്രദേശിനെ കേരളത്തിന് ബദലായി ഉയര്‍ത്തിക്കാട്ടാന്‍ സന്തോഷ് പണ്ഡിറ്റും ജനം ടി.വിയും ഉള്‍പ്പെടെയുള്ളവര്‍ കാണിക്കുന്ന ധൈര്യത്തിന് ശരിക്കും ഒരു തെക്കേടത്തമ്മ അവാര്‍ഡ് കൊടുക്കേണ്ടതാണ്.
ഇവര്‍ വസ്തുതാപരമായ ഒരു മറുപടി അര്‍ഹിക്കുന്നുണ്ടോയെന്ന സംശയത്തില്‍ പലരും മാറിനില്‍ക്കുമ്പോള്‍ വസ്തുതകളെക്കുറിച്ച് വലിയ ധാരണയില്ലാത്ത ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.
ബലാത്സംഗക്കേസ് പ്രതിയായ ഗോവിന്ദ സ്വാമി ജയില്‍ ചാടിയതുമായി ബന്ധപ്പെട്ടാണല്ലോ ഈ യു.പി മോഡലിനായുള്ള മുറവിളി. ഇതുകേട്ടാല്‍ ഗോവിന്ദ സ്വാമി എന്ന ക്രിമിനലിനെ രക്ഷിക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ (കേസ് അന്വേഷിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍ ആയിരുന്നു) പരിശ്രമിക്കുന്നു എന്നൊരു തോന്നലാണ് ഉണ്ടാകുക.
എന്നാല്‍ ഗോവിന്ദസ്വാമി, സംഭവം നടന്ന് അടുത്ത ദിവസം തന്നെ അറസ്റ്റിലായെന്നും നമ്മുടെ വിചാരണക്കോടതി അയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നുവെന്നും നാം മറക്കാന്‍ പാടില്ല.
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്
എന്നാല്‍ വിചാരണക്കോടതിയിലെ ചില ‘പറഞ്ഞുകേട്ട വിവരങ്ങള്‍’ (Hearsay) വെച്ചുള്ള സാക്ഷിമൊഴികള്‍ പ്രകാരം കൊലപാതകക്കുറ്റം ഇയാള്‍ക്കെതിരെ ആരോപിക്കാന്‍ കഴിയില്ല എന്നാരോപിച്ചായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് ഇയാള്‍ക്കെതിരായ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്.
ഇതിന്റെ പേരില്‍ ആ ബെഞ്ചിന് നേരേ മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജു വിമര്‍ശനമുന്നയിച്ചു. പ്രസ്തുത ബെഞ്ച് അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യക്കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതേ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഇപ്പോള്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ്.
മാര്‍ക്കണ്ഡേയ കട്ജു
ഈ ഹിയര്‍ സേ എവിഡന്‍സ് തിരുത്തുന്നതിനായി പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ ഒരു റിവ്യൂ പെറ്റിഷന്‍ സമര്‍പ്പിച്ചെങ്കിലും അത് സുപ്രീം കോടതി തള്ളുകയാണുണ്ടായത്. ഇതില്‍ കേസ് നടത്തിയ ആദ്യസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെറിയൊരു പിഴയുണ്ടായി എന്ന വിമര്‍ശനം നമുക്ക് വേണമെങ്കില്‍ ഉന്നയിക്കാം.
പക്ഷേ ഒരിക്കലും യു.പിയില്‍ ഈ 21ാം നൂറ്റാണ്ടിലും നടക്കുന്ന പ്രക്രിയകളുമായി അതിനെയൊന്നും താരതമ്യപ്പെടുത്താന്‍ നമുക്ക് കഴിയില്ല. എന്താണ് ഇക്കാര്യത്തിലെ യു.പി മോഡല്‍ എന്ന് ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം.
പൊതുജനവികാരത്തെ മറികടക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോണ്‍സെപ്റ്റ് പി.ആര്‍എന്ന പി.ആര്‍ ഏജന്‍സിയെ ഹയര്‍ ചെയ്‌തെന്നും അവര്‍ ഇത് ഒരു ബലാത്സംഗക്കേസ് അല്ലെന്ന മട്ടില്‍ പ്രസ് റിലീസുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉന്നാവോ കൂട്ടബലാല്‍സംഗക്കേസ്
2017 ജൂണ്‍ നാലിനാണ് ഉന്നാവോ മണ്ഡലത്തിലെ മാങ്ഖി സ്വദേശിനിയായ 17 വയസുകാരിയെ സ്ഥലം എം.എല്‍.എയും ബി.ജെ.പി നേതാവുമായ കുല്‍ദീപ് സെന്‍ഗാര്‍ (അന്ന് 51 വയസ്) ജോലി വാഗ്ദാനം ചെയ്ത് സ്വവസതിയിലേയ്ക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തത്. പിന്നീട് ഈ പെണ്‍കുട്ടിയെ മറ്റൊരു സംഘം കടത്തിക്കൊണ്ടുപോകുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും മറ്റൊരു ഗ്രൂപ്പിന് വില്‍ക്കുകയുമൊക്കെ ചെയ്തു.
ഈ ഗ്യാംഗിന്റെ കയ്യില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെടുകയും ജൂണ്‍ 22-ന് പൊലീസിന് പരാതി നല്‍കുകയും ചെയ്തു. പൊലീസ് എഫ്.ഐ.ആര്‍ ഇട്ടെങ്കിലും എം.എല്‍.എയുടെ പേരില്‍ കേസെടുക്കാന്‍ മടിച്ചു. പിന്നീട് നടന്ന സംഭവങ്ങളാണ് ശരിക്കും കല്ലില്‍ കൊത്തിവെയ്‌ക്കേണ്ട യു.പി
മാതൃക.
* 2017 ഓഗസ്റ്റ് 17 : കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ പൊലീസ് കേസെടുക്കുന്നില്ല എന്ന് കാണിച്ച് പെണ്‍കുട്ടി യു.പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന് തുറന്ന കത്തെഴുതുന്നു. പക്ഷേ കേസെടുക്കുന്നില്ല.
* 2018 ഏപ്രില്‍ 3: അതിജീവിതയായ പെണ്‍കുട്ടിയുടെ പിതാവിനെ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് മൃതപ്രായനാക്കുന്നു. നീതിമാന്മാരായ യു.പി പൊലീസ് മര്‍ദ്ദനമേറ്റ പിതാവിനെ അറസ്റ്റ് ചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നു.
ഉന്നാവോ കേസ് പ്രതിയും ബി.ജെ.പി എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാര്‍
* 2018 ഏപ്രില്‍ 8: നീതിനിഷേധിക്കപ്പെട്ട അതിജീവിത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു.
* 2018 ഏപ്രില്‍ 9: അതിജീവിതയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നു. കുടല്‍ പൊട്ടി ദഹനരസങ്ങള്‍ വിസെറയില്‍ പടര്‍ന്നതാണ് മരണകാരണമെന്നും ദേഹം മുഴുവന്‍ മുറിവുകളും ചതവുകളുമെന്നും പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ട്.
* 2018 ഏപ്രില്‍ 11: ദേശീയതലത്തില്‍ ശക്തമായ പ്രതിഷേധം. കേസ് സി.ബി.ഐയ്ക്ക് കൈമാറുന്നു.
* 2018 ഏപ്രില്‍ 12: കുല്‍ദീപും സഹോദരനുമടക്കമുള്ള പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നു.
2017 ജൂണില്‍ കൊടുത്ത ഇത്രയും ഗൗരവമുള്ള ഒരു പരാതിയുടെ ആദ്യഘട്ട നടപടികളുടെ ടൈം ലൈന്‍ ആണ്. തീര്‍ന്നില്ല:
* 2019 ജൂലൈ 28: അതിജീവിതയും ബന്ധുക്കളും അതിജീവിതയുടെ അഭിഭാഷകനും സഞ്ചരിച്ച കാറിലേയ്ക്ക് റായ്ബറേലിയില്‍ വെച്ച് ഒരു ട്രക്ക് വന്നിടിക്കുന്നു. അതിജീവിതയുടെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുന്നു. അതിജീവിതയും അഭിഭാഷകനും ഗുരുതരമായ പരിക്കുകളോടെ വെന്റിലേറ്ററില്‍.
* 2019 ഓഗസ്റ്റ് 1: യു.പിയില്‍ നടക്കുന്ന സിനിമാക്കഥപോലെയുള്ള ഈ സംഭവങ്ങളില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെടുന്നു. അതിജീവിതയുടെ കുടുംബത്തിന് സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പാടാക്കുന്നു. കേസിന്റെ വിചാരണ ദല്‍ഹിയിലെ തീസ് ഹസാരി കോടതിയിലേയ്ക്ക് മാറ്റുന്നു.
* 2019 ഡിസംബര്‍ 16: തീസ് ഹസാരിയിലെ വിചാരണക്കോടതി കുല്‍ദീപ് സിങ് സെന്‍ഗാറിന് ചൈല്‍ഡ് റേപ്പ് അടക്കമുള്ള കുറ്റങ്ങള്‍ക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിക്കുന്നു.
* 2020 മാര്‍ച്ച്: അതിജീവിതയുടെ പിതാവിന്റെ മരണത്തിനും സെന്‍ഗാര്‍ ഉത്തരവാദിയാണെന്ന് കോടതി വിധിക്കുന്നു.
തീര്‍ന്നില്ല, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. അതിജീവിതയുടെ കുടുംബത്തിനേര്‍പ്പെടുത്തിയ സി.ആര്‍.പി.എഫ് സുരക്ഷ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. പ്രസ്തുത ആവശ്യം കോടതി നിരാകരിച്ചു.
ഇതാണ് ജനം ടി.വിയും സന്തോഷ് പണ്ഡിറ്റും പറയുന്ന സോ കോള്‍ഡ് യു.പി മോഡലിന്റെ ഒരു ക്ലാസിക് ഉദാഹരണം.
ഹാഥ്രസ് കൂട്ടബലാല്‍സംഗക്കേസ്
2020 സെപ്റ്റംബര്‍ 14 നാണ് കന്നുകാലിയ്ക്ക് പുല്ലുവെട്ടുന്നതിനായി പാടത്ത് പോയ ദളിത് വിഭാഗത്തില്‍പ്പെട്ട 19 വയസുള്ള യുവതിയെ സവര്‍ണജാതിയായ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട നാല് അക്രമികള്‍ ചേര്‍ന്ന് കഴുത്തില്‍ ഷാള്‍ കെട്ടി വലിച്ചുകൊണ്ട് കൊണ്ടുപോകുകയും കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തത്.
ബലാല്‍സംഗം ചെറുത്ത യുവതിയെ അവര്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ നോക്കി. ഈ വെപ്രാളത്തില്‍ യുവതി സ്വന്തം നാക്ക് കടിച്ച് മുറിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെയും കൊണ്ട് അവരുടെ അമ്മയും ബന്ധുക്കളും നേരേ പോയത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലാണ്.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പരാതി സ്വീകരിച്ചില്ലെന്ന് മാത്രമല്ല അവരെ അപമാനിച്ചുവിടുകയും ചെയ്തു. പിന്നീട് ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന യുവതിയുടെ (നട്ടെല്ലിനേറ്റ പരിക്കില്‍ യുവതിയുടെ ശരീരം തളര്‍ന്നുപോയി) മൊഴിയെടുക്കാന്‍ പൊലീസ് എത്തുന്നത് 6 ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 20നാണ്.
ഹാഥ്രസിലെ ആശുപത്രിയില്‍ നിന്ന് പിന്നീട് അലിഗഢിലേയ്ക്കും ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്കും ഷിഫ്റ്റ് ചെയ്‌തെങ്കിലും സെപ്റ്റംബര്‍ 29ന് യുവതി മരണത്തിന് കീഴടങ്ങി.
ഉത്തര്‍പ്രദേശ് പൊലീസ് മൃതദേഹം നാട്ടിലെത്തിച്ച് രാത്രി 2.30ന് ബന്ധുക്കളുടെ അനുവാദമില്ലാതെ ദഹിപ്പിച്ചു. ബന്ധുക്കളെ പൂട്ടിയിട്ട ശേഷം പെട്രോള്‍ അടക്കം ഉപയോഗിച്ചായിരുന്നു ദഹിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ സംസ്‌ക്കരിക്കുന്ന പൊലീസ്
പിന്നീട് ഹാഥ്രസ് ജില്ലാ മജിസ്‌ട്രേട്ട് അതിജീവിതയുടെ ബന്ധുക്കള്‍ക്ക് മേല്‍ മൊഴിമാറ്റുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുന്ന വീഡിയോ പുറത്തുവരുന്നു.
ഈ സംഭവമുണ്ടാക്കിയ പൊതുജനവികാരത്തെ മറികടക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോണ്‍സെപ്റ്റ് പി.ആര്‍എന്ന പി.ആര്‍ ഏജന്‍സിയെ ഹയര്‍ ചെയ്‌തെന്നും അവര്‍ ഇത് ഒരു ബലാത്സംഗക്കേസ് അല്ലെന്ന മട്ടില്‍ പ്രസ് റിലീസുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇരയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 30ന് ആഗ്രയിലെ ശുചീകരണത്തൊഴിലാളികള്‍ ജന്തര്‍മന്തറില്‍ പ്രകടനം നടത്തി. രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചു. യു.എസ് അടക്കമുള്ള ലോകരാജ്യങ്ങളില്‍ പ്രതിഷേധമുണ്ടായി. ബി.ജെ.പിയും
വെറുതേയിരുന്നില്ല.
ഹാത്രാസ് പെണ്‍കുട്ടിക്ക് നീതി തേടി നടന്ന പ്രതിഷേധ പ്രകടനം
ഒക്ടോബര്‍ നാലിന് ബി.ജെ.പി നേതാവും എക്‌സ് എം.എല്‍.എയുമായ രാജ്വീര്‍ സിങ്ങ് പെഹെല്‍വാന്‍ കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി ഹാഥ്രസില്‍ ഒരു റാലി നടത്തി. ആര്‍.എസ്.എസ്, ബജ്‌രംഗ്ദള്‍, രാഷ്ട്രീയ സവര്‍ണ സംഘഠന്‍, രാജ്പുത് കര്‍ണിസേന എന്നിങ്ങനെയുള്ള സവര്‍ണ ഹിന്ദു സംഘടനകളിലെ നൂറുകണക്കിന് പേര്‍ റാലിയില്‍ അണിനിരന്നു.
ഇതിനിടയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, 2023 മാര്‍ച്ചില്‍ ഹാഥ്രസ് ജില്ലാ കോടതി പ്രതികളില്‍ 3 പേരെയും വെറുതേവിടുകയും ഒരാളെ മാത്രം ശിക്ഷിക്കുകയും ചെയ്തു.
ഇതാണ് ഉത്തര്‍പ്രദേശിലെ മാതൃകകള്‍. കേരളത്തിലെ സാഹചര്യത്തില്‍ നമുക്ക് ഇതൊന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല എന്നോര്‍ക്കുക. നമ്മുടെ സംവിധാനത്തില്‍ വിമര്‍ശനത്തിന് വിധേയമാകേണ്ട അപാകതകള്‍ ഉണ്ടായേക്കാം. പക്ഷേ, കേരളത്തിന് ഒരു യു.പി മാതൃക ആവശ്യമില്ല.
Content Highlight: UP will be a model for Janam TV and Santosh Pandit, but not for Malayalees, a writeup by Sudheesh Sudhakaran