ലഖ്നൗ: ഉത്തര്‍പ്രദേശ് പൊലീസ് പ്രതികളുടെ കാലില്‍ വെടിവെക്കുന്ന നടപടി ഒരു പതിവായിരിക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളെ ശിക്ഷിക്കാനുള്ള അധികാരം പൊലീസിനില്ലെന്നും ശിക്ഷാവിധികള്‍ കോടതികളുടെ അധികാരപരിധിയിലാണെന്നും ഹൈക്കോടതി പറഞ്ഞു.
അലഹബാദ് ഹൈക്കോടതി
പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് അരുണ്‍കുമാര്‍ സിങ് ദേശ്വാള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനോ പ്രതികളെ ഒരു പാഠം പഠിപ്പിക്കുന്നതിനോ വേണ്ടിയുള്ള നടപടിയായാണ് സംസ്ഥാന പൊലീസ് ഇതിനെ കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധികള്‍ കോടതിയുടെ അധികാരപരിധിയില്‍ ആയതിനാല്‍ യു.പി പൊലീസിന്റെ ഇത്തരം നടപടികള്‍ അനുവദിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ നിയമവാഴ്ചയാണ് ഭരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയ്ക്ക് നേരത്തെ നിര്‍വചിക്കപ്പെട്ട വ്യക്തമായ ഓരോ റോളുകളുണ്ടെന്നും കോടതി പറഞ്ഞു.
ജുഡീഷ്യറിയെ മറികടന്നുകൊണ്ടുള്ള പൊലീസിന്റെ ഒരു പ്രവര്‍ത്തനവും അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ദേശ്വാള്‍ വ്യക്തമാക്കി. പ്രതികളുടെ കാലില്‍ മനപൂര്‍വം വെടിവെച്ച് അതിനെ ഒരു വെടിവെപ്പായി ചിത്രീകരിച്ച്, പൊതുജനങ്ങള്‍ക്ക് ഇടയില്‍ സഹതാപം സൃഷ്ടിക്കാനാണ് ഏതാനും പൊലീസുകാര്‍ ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു.
ഇവിടെ അധികാരത്തിന്റെ ദുരുപയോഗമാണ് നടക്കുന്നത്. ചില ഉദ്യോഗസ്ഥരാണെങ്കില്‍ മേലുദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് പ്രതികളെ അക്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാജീവ് കൃഷ്ണ, അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദ് എന്നിവരില്‍ നിന്ന് വിശദീകരണവും തേടി.
പ്രതികളുടെ കാലില്‍ വെടിവെക്കാന്‍ വാമൊഴിയായോ രേഖാമൂലമോ നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. സംഭവം വെടിവെപ്പാണെന്ന് അവകാശപ്പെടുന്നതിന്റെ പശ്ചാത്തലം എന്താണെന്നും ബെഞ്ച് ആരാഞ്ഞു.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും പ്രതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. വെടിവെടുപ്പുകള്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവിനെ മുന്‍നിര്‍ത്തിയായിരുന്നു കോടതിയുടെ ചോദ്യം.
പിന്നാലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.
തുടര്‍ന്ന്, ഉത്തര്‍പ്രദേശിനെ ഒരു പൊലീസ് സംസ്ഥാനമാകാന്‍ കോടതി അനുവദിക്കില്ലെന്നും ദേശ്വാള്‍ പറഞ്ഞു. പൊലീസിനും ജുഡീഷ്യറിക്കും ഇടയിൽ പരസ്പരം ബഹുമാനം ഉണ്ടായിരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Content Highlight: UP police regularly shoot accused in the legs, this will not be allowed: Allahabad High Court